കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നു : തമിഴ്നാട് സ്വദേശി പിടിയിൽ

എ കെ ജെ അയ്യർ

ചൊവ്വ, 28 മെയ് 2024 (19:31 IST)
കോഴിക്കോട്: കടയുടെ തിണ്ണയിൽ ഉറങ്ങിക്കിടന്ന യുവാവിനെ തലക്കടിച്ച്  കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിലായി. മാങ്കാവ് സ്വദേശി ഇയ്യക്കണ്ടി മുഹമ്മദ് ഷാഫി (36) ആണ് മരിച്ചത്.സംഭവത്തിൽ തമിഴ്‌നാട് അരിയല്ലൂർ സ്വദേശി വരദരാജൻ  പേട്ടയിലെ ആന്റണി ജോസഫിനെ (49)  പോലീസ് അറസ്റ്റ് ചെയ്തു. കസബ പൊലീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്.
 
കഴിഞ്ഞ ദിവസം സന്ധ്യയോടെ മാങ്കാവിലാണ് സംഭവം. രാത്രി ഏഴോടെ അങ്ങാടിയിലെ ലാബിന് മുൻവശം കിടന്നുറങ്ങിയ യുവാവിനെ ആന്റണി ജോസഫ് നിലത്തുവിരിക്കുന്ന ഇന്റർലോക്ക് കട്ടകൊണ്ട് തലക്കടിക്കുകയായിരുന്നു. ചോരവാർന്ന് ബോധം നഷ്ടമായതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് അതുവഴി പോയവരാണ് ഷാഫിയെ ചോരവാർന്ന് ബോധരഹിതനായ നിലയിൽ കണ്ടതും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. 
 
വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ചികിത്സക്കിടെ കഴിഞ്ഞ രാത്രി ഷാഫി മരിച്ചു. മാങ്കാവിൽ തന്നെ പല ജോലികളുമായി കഴിയുന്ന ആന്റണി ജോസഫിനെ തിങ്കളാഴ്ച കസബ ഇൻസ്‌പെക്ടർ രാജേഷ് മാരാംഗലത്താണ് അറസ്റ്റുചെയ്തത്. കൊലപാതകത്തിനുള്ള കാരണം അറിവായിട്ടില്ല. ഹസൻ -ആയിഷബി ദമ്പതികളുടെ മകനാണ് ഷാഫി. സഹോദരങ്ങൾ: അബ്ദുൽ സമദ്, മുഹമ്മദ് ഷരീഫ്, സാബിത, ഫാസില

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍