ഉമ്മൻചാണ്ടിയും ചെന്നിത്തലയും വിവാഹനിശ്ചയത്തിന് എത്തിയത് അടൂർ പ്രകാശ് വിളിച്ചിട്ട്, സുധീരനു മറുപടിയുമായി ബിജു രമേശ്

ഞായര്‍, 26 ജൂണ്‍ 2016 (10:12 IST)
മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനുമായുള്ള തന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മൻ‌ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വന്നത് അടൂർ പ്രകാശ് വിളിച്ചിട്ടാണെന്ന് ബാറുടമ ബിജുരമേശ്. വിവാഹനിശ്ചയത്തിന് നേതാക്കൾ പങ്കെടുത്തതിനെ വിമർശിച്ച വി എം സുധീരനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം ബിജുരമേശ് പറഞ്ഞത്.
 
ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കേണ്ടിയിരുന്നില്ല എന്നായിരുന്നു വി എം സുധീരൻ പറഞ്ഞത്. സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഗതിയാണ് ബിജു രമേശിന്റെ ആരോപണങ്ങള്‍. എല്ലാവരുടെ ഭാഗത്തു നിന്നും ചില ഔചിത്യമര്യാദകള്‍ ഉണ്ടാകേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെള്ളിയാഴ്ച ആയിരുന്നു ഡോ. ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയചടങ്ങ് നടന്നത്. അതേസമയം, മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങ് ആയിരുന്നിട്ടും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ ചടങ്ങില്‍ പങ്കെടുത്തതായി വ്യക്തമാക്കി ബിജു രമേശ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
 
മാധ്യമങ്ങളും അതിഥികളും ഏറെക്കുറെ പോയി കഴിഞ്ഞപ്പോള്‍ ആയിരുന്നു ഇവര്‍ ചടങ്ങിന് എത്തിയത്. മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, മാത്യു ടി തോമസ്, കെ രാജു, എ കെ ശശീന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍ കുമാര്‍, ഗണേഷ് കുമാര്‍ എം എല്‍ എ, ശബരീനാഥ് എം എല്‍ എ. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക