ഇക്കൊല്ലം മഴ തകര്‍ക്കും; കാലവർഷം ജൂണിന് മുമ്പെത്തുമെന്ന് റിപ്പോര്‍ട്ട്

ശനി, 14 മെയ് 2016 (08:57 IST)
കേരളത്തിൽ കാലവർഷം ഇക്കുറി രണ്ടുദിവസം നേരത്തേ എത്തുമെന്ന് സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻ‌സിയുടെ പ്രവചനം. ഈ മാസം 28നും 30നും ഇടയിൽ കാലവർഷം ആരംഭിക്കുമെന്നാണ് അറിയിപ്പ്. ഇക്കൊല്ലം പതിവിൽക്കൂടുതൽ‌ മഴ കിട്ടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും പ്രവചിച്ചിട്ടുണ്ട്. അതേസമയം, പലയിടത്തും മഴ പെയ്യുന്നതിനാൽ സംസ്ഥാനത്തൊട്ടാകെ ചൂടു കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നു ചില സ്ഥലങ്ങളിൽ മഴ ലഭിക്കുമെങ്കിലും നാളെ മുതൽ മഴ കൂടുതൽ ശക്തമാകുമെന്നു തിരുവനന്തപുരത്തു നിന്നുള്ള റിപ്പോർ‌ട്ടിൽ‌ പറയുന്നു. സംസ്ഥാനത്തു 17 വരെ വ്യാപകമായി മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. 15 മുതൽ 18 വരെ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.

ആൻ‌ഡമാൻ‌– നിക്കോബാർ‍‌ ദ്വീപിൽ‌ ഈ മാസം 18നും 20നും ഇടയിൽ കാലവർ‌ഷം എത്തും. കൊൽക്കത്തയിൽ‌ ജൂൺ പത്തിനും മുംബൈയിൽ‌ 12നും ഡൽ‌ഹിയിൽ‌ ജൂലൈ ഒന്നിനും മഴയെത്തുമെന്നാണു പ്രവചനം.

വെബ്ദുനിയ വായിക്കുക