സ്വകാര്യ പരിപാടിയായ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതില്ല: വി മുരളീധരൻ
ഞായര്‍, 13 ഡിസംബര്‍ 2015 (14:43 IST)
മുന്‍മുഖ്യമന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ. ചടങ്ങ് സ്വകാര്യ പരിപാടിയാണ്, പ്രോട്ടോക്കോൾ പ്രകാരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ ഔദ്യോഗിക പരിപാടി. കൊല്ലത്തെ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് താത്പര്യക്കുറവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആര്‍ ശങ്കറിന്റെ പ്രതിമ ഡിസംബര്‍ 15 ന് കൊല്ലത്ത് അനാഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പകരം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേര് വെച്ചുള്ള ശിലാഫലകം ഇന്നലെ അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി.
ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതായുള്ള വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ശിലാഫലകം മാറ്റിയത്.