വാളകം വിഷയത്തില്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിഎസ്; അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി
വാളകം സ്കൂൾ നിയമന വിഷയത്തിൽ ആർ ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിഎസ് അച്യുതാനന്ദൻ രംഗത്ത്. വാളകം ആർവിവി ഹൈസ്കൂളില്‍ മാനേജറായി തുടരാനുള്ള മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ യോഗ്യത പരിശോധിക്കണമെന്ന് വിഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനാണ് അദ്ദേഹം കത്ത് നല്‍കിയിരിക്കുന്നത്.
സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത അധ്യാപക ദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും സര്‍വിസില്‍ തിരിച്ചെടുക്കണം. ബാലകൃഷ്ണപിള്ള മുന്‍ വൈരാഗ്യവും പകയും തീര്‍ക്കാനായി മാനേജര്‍ തസ്തിക ദുരുപയോഗം ചെയ്യുകയാണ്. ഗീതയ്‌ക്കു നിയമപരമായി ലഭിക്കേണ്ട പ്രധാനാധ്യാപിക തസ്തിക എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്നും വിഎസ് കത്തിലൂടെ ചോദിക്കുന്നു.
ബിഎഡ് ബിരുദം വ്യാജമാണെന്നാരോപിച്ചു കൃഷ്ണകുമാറിനെ സർവീസിൽ നിന്നൊഴിവാക്കാൻ നീക്കം നടക്കുന്നു. ബിഎഡ് ബിരുദത്തിന്റെ നിജസ്ഥിതി ഡിഇഒ തന്നെ അന്വേഷിച്ചു ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും വൈര്യനിരാതന ബുദ്ധിയോടെ ദ്രോഹിക്കുന്നുവെന്നും കത്തിൽ വിഎസ് വ്യക്തമാക്കി.