ലക്ഷ്യമിട്ടത് മത്സരവെടിക്കെട്ട്; അനുമതി ലഭിക്കാത്തതിനാല്‍ നടന്നത് വെടിക്കെട്ടുമാത്രം, 7ലക്ഷം രൂപയുടെ പടക്കങ്ങള്‍ ഉപയോഗിച്ചു, മൈക്കിലൂടെ വിളിച്ചു പറയാതെയാണ് കമ്പം നടത്തിയത്- ക്ഷേത്ര ഭാരവാഹികളുടെ മൊഴികള്‍ പുറത്ത്

ചൊവ്വ, 12 ഏപ്രില്‍ 2016 (12:22 IST)
രാജ്യത്തെ നടുക്കിയ പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ഏഴുലക്ഷം രൂപയുടെ പടക്കങ്ങള്‍ ഉപയോഗിച്ചുവെന്ന് കീഴടങ്ങിയ ക്ഷേത്ര ഭാരവാഹികള്‍. മത്സരകമ്പമാണ് നടത്താന്‍ ഉദ്ദേശിച്ചതെങ്കിലും  നടത്തിയത് ക്ഷേത്രാചാരപ്രകാരമുള്ള വെടിക്കെട്ടാണ്. മത്സര കമ്പത്തിനായി അധികൃതരില്‍ നിന്ന് അനുമതി കിട്ടാത്തതിനാല്‍ ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് വെടിക്കെട്ട് മാത്രമായി നടത്തിയതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

വര്‍ഷങ്ങളായി നടത്തിവന്നിരുന്ന കമ്പം ഇത്തവണയും നടക്കുമെന്ന് ജനങ്ങളോട് അറിയിച്ചിരുന്നു. മത്സര കമ്പമാണ് നടക്കുന്നതെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്നില്ല. അധികൃതരില്‍ നിന്ന് ആവശ്യമായ അനുമതി ലഭിക്കാത്തതിനാല്‍ ആണ് ഇങ്ങനെ ചെയ്‌തത്. രണ്ടു ടീമുകളായിരുന്നു വെടിക്കട്ട് നടത്തിയത്. ഒരു ടീമിന് മൂന്നരലക്ഷം രൂപാ വീതം നല്‍കി. രണ്ടു ടീമുകള്‍ക്കുമായി ഏഴുലക്ഷം രൂപ വിനയോഗിച്ചുവെന്നും കീഴടങ്ങിയ ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

കാറുകളിലും ചെറിയ വാഹനങ്ങളിലുമായിട്ടാണ് വെടിക്കെട്ടിന് ആവശ്യമായ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത്. ക്ഷേത്ര ആചാരങ്ങള്‍ പ്രകാരമുള്ള വെടിക്കെട്ടാണ് നടത്താന്‍ ഉദ്ദേശിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്. നരഹത്യ അടക്കമുള്ള കേസുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കടുത്ത നിയമലംഘനത്തോടെയാണ് പരവൂരില്‍ വെടിക്കെട്ട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പ്രസിഡന്‍റ് പിഎസ് ജയലാല്‍, സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടിപിള്ള, ട്രഷറര്‍ ശിവപ്രസാദ്, അംഗങ്ങളായ രവീന്ദ്രന്‍പിള്ള, സോമസുന്ദരൻ പിള്ള, ക്ഷേത്രം താക്കോൽ സൂക്ഷിപ്പുകാരൻ സുരേന്ദ്രൻപിള്ള എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. രാവിലെ ചാത്തനൂര്‍ എസിപി എംഎസ് സന്തോഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതിനാല്‍ മുതിര്‍ന്ന പൊലീസ് അധികാരികള്‍ മൊഴിയെടുക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നത്. 110 പേര്‍ അപകടത്തില്‍ മരിക്കുകയും 350ലേറെ പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില അതീവ ഗുരുതരമാണ്. കൂടാതെ 36 വീടുകള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക