ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

എ കെ ജെ അയ്യര്‍

വെള്ളി, 14 മെയ് 2021 (11:47 IST)
പുനലൂര്‍: ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊല്ലം ജില്ലയിലെ പുനലൂരിനടുത്തുള്ള വെഞ്ചേമ്പിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ഥലവാസിയായ ജോണ്‍ എന്നയാളുടേതാകാം അസ്ഥികൂടം എന്നാണു പോലീസ് നിഗമനം.
 
തലയോട്ടി, കൈകാലുകള്‍, താടിയെല്ല് എന്നിവ പുരയിടത്തിന്റെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന നിലയിലാണുള്ളത്. ജോണ്‍ ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്നു എന്നും ഒരു മാസമായി ഇയാളെ കാണാനില്ലായിരുന്നു എന്നുമാണ് അയല്‍വാസികളും ബന്ധുക്കളും പറയുന്നത്. അസ്ഥികൂടം കണ്ടെത്തിയ പറമ്പിലെ ഒരു ചെറിയ ഷെഡിലായിരുന്നു ജോണിന്റെ താമസവും. ഇതാണ് അസ്ഥികൂടം ജോണിന്റേതാകാം എന്ന നിഗമനത്തില്‍ പോലീസ് എത്തിചേര്‍ന്നത്.
 
മരിച്ച ശേഷം മൃഗങ്ങള്‍ കടിച്ചു വലിച്ചതാവാം ശരീര ഭാഗങ്ങള്‍ പല സ്ഥലത്ത് എത്താന്‍ കാരണമെന്ന് കരുതുന്നു. എങ്കിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമാണോയെന്നും സംശയിക്കുന്നുണ്ട്. മൃതദേഹാവശിഷ്ടം തുടര്‍ നടപടികളിലേക്ക് അയച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍