'പോയി': സച്ചിയുടെ വിയോഗത്തില്‍ പൃഥ്വിയുടെ നൊമ്പരപ്പെടുത്തുന്ന ഒറ്റ വാക്ക്

ശ്രീനു എസ്

വെള്ളി, 19 ജൂണ്‍ 2020 (15:48 IST)
സംവിധായകന്‍ സച്ചിയും പൃഥ്വീരാജും തമ്മിലുള്ള ബന്ധം സിനിമാലോകത്ത് എല്ലാവര്‍ക്കും അറിവുള്ളതാണ്. സച്ചിയുടെ ഏകദേശം സിനിമകളിലും പൃഥ്വിരാജ് ഉണ്ടായിരുന്നു. സച്ചിയുടെ ആദ്യ സിനിമയായ ചോക്ലേറ്റിലും അവസാന സിനിമയായ അയ്യപ്പനും കോശിയിലും പൃഥ്വിരാജായിരുന്നു നായകന്‍. രണ്ടും സൂപ്പര്‍ഹിറ്റായിരുന്നു. കഴിഞ്ഞവര്‍ഷം സച്ചിയുടെ തിരക്കഥയില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസന്‍സിലും പൃഥ്വി ഉണ്ടായിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് മമ്മൂട്ടി വേണ്ടെന്നുവച്ച വേഷമായിരുന്നു അത്. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളായിരുന്നു ഡ്രൈവിങ് ലൈസന്‍സിലെയും അയ്യപ്പനും കോശിയിലും പൃഥ്വിക്ക് ലഭിച്ചത്. സച്ചിയോടുള്ള സ്‌നേഹവും ആദരവും ആത്മവിശ്വാസവുമാണ് ഈ കഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ പൃഥ്വിയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ സച്ചിയുടെ വിയോഗത്തില്‍ 'പോയി' എന്ന ഒറ്റവാക്ക് മാത്രമാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
 
അടുത്തവര്‍ഷം പുറത്തിറങ്ങാനിരുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു സച്ചി. സച്ചി ചെയ്യാനിരുന്ന മൂന്നോ നാലോ കഥകള്‍ തനിക്ക് അറിയാമായിരുന്നെന്നും ഇതില്‍ ഏതുകഥ സിനിമയാക്കിയാലും താനതുചെയ്യുമെന്ന് ഈയടുത്ത കാലത്ത് പുറത്തുവന്ന അഭിമുഖത്തില്‍ പൃഥ്വി വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍