തടവുകാര്‍ക്കും അവയവദാനം നടത്താം; ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു

വെള്ളി, 31 ജൂലൈ 2015 (10:50 IST)
രാജ്യത്ത് തന്നെ ആദ്യമായി തടവുകാര്‍ക്ക് അവയവ ദാനം നടത്താന്‍ കേരളത്തില്‍ അനുമതിയായി. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഇടപെടലാണ് ചരിത്രപരമായ തീരുമാനത്തിന് കാരണമായത്. തടവുകാര്‍ക്ക് അവയവ ദാനം നടത്താനുള്ള അനുമതി നല്‍കിക്കൊണ്ട് ജയില്‍- ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പട്ടാമ്പി പള്ളിപ്പുറത്ത് സുകുമാരന്‍ അടക്കം പത്തുപേര്‍ അവയവം ദാനംചെയ്യാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍ തടവുകാര്‍ക്ക് അവയവദാനത്തിന് നിയമതടസ്സമുണ്ടെന്നായിരുന്നു ജയില്‍ അധികൃതരുടെ നിലപാട്. കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രതിനിധികള്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ ലീഗല്‍ എയ്ഡ് ക്ലൂനിക്കില്‍ തടവുകാര്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. അതോറിറ്റി ഇക്കാര്യം സംസ്ഥാന അതോറിറ്റിയെ അറിയിച്ചു.

തുടര്‍ന്ന് അതോറിറ്റി ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിനോട് നിലപാട് ആരാഞ്ഞു. ഈ ഫയല്‍ നിയമപരമായ തടസ്സങ്ങളോ സാധ്യതകളോ വ്യക്തമാക്കാനാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് നിയമവകുപ്പിനയച്ചു. വിഷയത്തില്‍ നിയമ തടസമൊന്നുമില്ല എന്നാണ് നിയ്മവകുപ്പ് ആഭ്യന്തര വകുപ്പിനു നല്‍കിയ മറുപടി. തുടര്‍ന്നാണ് തടവുകാര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്.

വെബ്ദുനിയ വായിക്കുക