നിത്യഹരിത നായകന് ജന്മനാട്ടില്‍ സ്മാരകമന്ദിരം

ശ്രീനു എസ്

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (11:20 IST)
പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓര്‍മകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നില്‍ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
അന്തരിച്ച് 32 വര്‍ഷം ആവുമ്പോഴേ പ്രേംനസീറിനെപ്പോലുള്ള ഒരു മഹാനടന് സ്മാരകമുണ്ടാവുന്നുള്ളൂ എന്നത് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ല. നാലു പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു പ്രേം നസീര്‍. 600 ഓളം മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി പ്രേംനസീറിന് മാത്രം അവകാശപ്പെട്ട വിശേഷണങ്ങള്‍ നിരവധിയാണ്.  സ്വഭാവമഹിമയും ആദര്‍ശധീരതയുമുള്ള വ്യക്തി എന്ന പ്രതിച്ഛായ സിനിമയിലും പുറത്തും ഒരു പോലെ അദ്ദേഹത്തിന് നിലനിര്‍ത്താന്‍ കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ താരപദവിയും ജനപ്രീതിയും അജയ്യമാക്കി നിലനിര്‍ത്തി. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍താരവും പ്രേം നസീര്‍ ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍