അഞ്ചംഗ സംഘം പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് വിദഗ്ദ്ധമായി രക്ഷപ്പെടുത്തി. പോങ്ങനാട് ടൌണിലെ ഓട്ടോ റിക്ഷാ ഡ്രൈവറായ ഷാഫി എന്ന 20 കാരനാണു പൊലീസ് രക്ഷകരായത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ക്വാളിസ് വാനിലെത്തിയ അഞ്ചംഗ സംഘം കടമ്പാട്ടുകോണം പുളിമൂട് റോഡില്‍ നെല്ലിമൂട്ടു വച്ച് ഓട്ടോ തടഞ്ഞ് ഷാഫിയെ ബലമായി തട്ടിക്കൊണ്ടുപോയി.
ഓട്ടോയില്‍ ഉണ്ടായിരുന്ന ആള്‍ അറിയിച്ച വിവരം വച്ച് സമീപ പ്രദേശങ്ങളിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് മെസേജ് അയച്ചു. ഇതിനിടെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ സംഘാംഗങ്ങളില്‍ ഒരാളുടെ മൊബൈല്‍ നമ്പരും കണ്ടെടുത്തു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ മൊബൈല്‍ മടത്തറ കാഞ്ഞിരത്തുമ്മൂട്ടിലെ ടവര്‍ പരിധിയില്‍ വന്നതായി കണ്ടെത്തി. ഈ ഭാഗത്തേക്ക് പൊലീസ് എത്തിയതോടെ സംഘം ചിതറ എണ്ണപ്പന തോട്ടം ഭാഗത്തേക്ക് നീങ്ങി. എന്നാല്‍ വിദഗ്ദ്ധമായി തന്നെ പൊലീസും ഇവരെ പിന്തുടര്‍ന്നതോടെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഷാഫിയെ വഴിയില്‍ തള്ളി. എന്നാല്‍ പിന്തുടര്‍ന്ന പൊലീസ് ഷാഫിയെയും കൂട്ടി വീണ്ടും ഇവര്‍ക്ക് പുറകേ വച്ചുപിടിച്ചു.
വിവരം അറിഞ്ഞ സ്ഥലവാസികളായ 50 ഓളം ബൈക്കുകാരും പൊലീസിനൊപ്പമെത്തി. സമീപത്തെ പാങ്ങോട് പൊലീസും സഹായത്തിനെത്തി. രക്ഷപ്പെടാന്‍ യാതൊരു പഴുതും ഇല്ലെന്നു മനസിലാക്കിയ സംഘം തുടര്‍ന്ന് മതിര ഭാഗത്ത് വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഷാഫിയെ ക്വാളിസ് വാനിനുള്ളില്‍ കൈകള്‍ പിന്നില്‍ കെട്ടി പ്ലാറ്റ്ഫോമില്‍ കിടത്തിയായിരുന്നു സംഘം നീങ്ങിയിരുന്നത്.
കഴിഞ്ഞ മാസം സംഘത്തില്‍പെട്ട ഒരാളെ സ്ത്രീവിഷയം സംബന്ധിച്ച് നാട്ടുകാരായ ചിലര്‍ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഇവരെ കുറിച്ചുള്ള വിവരം അറിയാന്‍ വേണ്ടിയാവാം തന്നെ തട്ടിക്കൊണ്ടു പോയതെന്നാണു ഷാഫി വിചാരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ 5 പേരെ ഷാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.