വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍

ബുധന്‍, 30 ജൂലൈ 2014 (14:51 IST)
പത്രപ്പരസ്യത്തിലൂടെ നിരവധി പേരെ വിവാഹം കഴിക്കുകയും പിന്നീട് പണ്ടവും പണവും കൊണ്ടു മുങ്ങുകയും ചെയ്യുന്ന വിവാഹ തട്ടിപ്പു വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി രായന്‍മ്അരയ്ക്കാര്‍ വീട്ടില്‍ റഷീദ് എന്ന 36 കാരനാണു കളമശേരി പൊലീസിന്‍റെ വലയിലായത്.

ഭര്‍ത്താവിന്‍റെ നിരന്തരമായ പീഡനം സഹിക്കന്‍ വയ്യാതെ ഭാര്യയായ കരുനാഗപ്പള്ളി സ്വദേശിനി റെജീലയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ്‌ ഇയാളുടെ വിവാഹ തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്. അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ കളമശേരി പത്തടിപൊപാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈ സമയം ഇയാള്‍ മലപ്പുറം സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ ഹാസ്യ പരിപാടിയിലെ നടനാണെന്നു പരിചയപ്പെടുത്തിയായിരുന്നു മിക്ക സ്ത്രീകളുമായും ചങ്ങാത്ത കൂടി വിവാഹം കഴിച്ചുവന്നിരുന്നത്. 14 വര്‍ഷം മുമ്പ് റെജീന എന്ന സ്ത്രീയുമായി നടന്ന വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ആ സമയം മൂന്നു മാസത്തിനുള്ളില്‍ ഇയാള്‍ പണവും പണ്ടവുമായി ഒളിവിലാവുകയാണുണ്ടായത്.     

2007 ല്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് എന്ന സ്ഥലത്തെ ഫാത്തിമയെ വിവാഹം കഴിച്ചു. ഇതിലും ഒരു കുട്ടിയുണ്ട്. പിന്നീട് 2010 ല്‍ വയനാട്ടെ ഫസീലയെ വിവാഹം കഴിച്ചതിലും ഒരു കുട്ടിയുണ്ട്. ഫസീല റഷീദിനെതിരെ വൈത്തിരി പൊലീസില്‍ നല്‍കിയ കേസ് ഇപ്പോഴും നിലനില്‍പ്പുണ്ട്.

വിവാഹത്തട്ടിപ്പിനൊപ്പം വൃക്ക വാഗ്ദാനം ചെയ്തു പണം തട്ടിയെടുക്കാന്‍ ശൃമിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌. ഡിസിപി നിശാന്തിനിയുടെ നിര്‍ദ്ദേശ പ്രകാരം തൃക്കാക്കര അസി കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇയാളെ വലയിലാക്കിയത്.

വെബ്ദുനിയ വായിക്കുക