ജിഷ കൊലക്കേസ്: എന്ത് അന്വേഷണമാണ് പൊലീസ് നടത്തുന്നത് ? കേസിൽ പാളിച്ച സംഭവിച്ചു ; പൊലീസിനെതിരെ വിമർശനവുമായി ജസ്റ്റിസ് നാരായണക്കുറുപ്പ്

ചൊവ്വ, 17 മെയ് 2016 (14:55 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്തിയതെന്ന് പൊലീസ് പരാതി പരിഹാര സെൽ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്. കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും പ്രൊഫഷണലായ അന്വേഷണമല്ല പൊലീസ് ഈ കേസിൽ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 
 
ഇത്തരത്തിലൊരു കേസ് നടന്നിട്ടുണ്ടേൽ ആദ്യം ശേഖരിക്കേണ്ടത് സംഭവസ്ഥലത്തെ നിർണായ തെളിവുകൾ ആണ്. എന്നാൽ തെളിവുകൾ നഷ്ട്പ്പെട്ടതിന് ശേഷം പൊലീസ് നടത്തുന്നത് എന്ത് അന്വേഷണമാണ്. കുറ്റകൃത്യം നടന്ന ജിഷയുടെ വീടാണ് ആദ്യം പരിശോധിക്കേണ്ടത്. എന്നാൽ ഇതിന് തയ്യാറാകാതെ പൊലീസ് അഞ്ചാം ദിവസമാണ് വീട് ബന്തവസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 
 
അതോടൊപ്പം, ജിഷയുടെ മൃതദേഹം ദഹിപ്പിക്കുവാനുള്ള അനുമതി നൽകിയതോടെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനുള്ള സാധ്യതയാണ് പൊലീസ് ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാറശാല സ്റ്റേഷനിലെ കസ്റ്റഡി മരണം സംബന്ധിച്ച പരാതിയില്‍ സിറ്റിംഗ് നടത്തുന്നതിനിടെയാണ് പരാതി പരിഹാര സെല്‍ ചെയര്‍മാന്‍ ജിഷക്കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക