ലഹരിക്കെതിരെ സച്ചിന്‍ ബ്രാന്‍ഡ് അംബാസിഡറാകും; കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചേക്കും
ബുധന്‍, 1 ജൂണ്‍ 2016 (11:46 IST)
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യ- മയക്കുമരുന്നുപയോഗങ്ങള്‍ക്കതിരെയുള്ള പ്രചരണത്തിന് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പൂര്‍ണ പിന്തുണ. ഇതിനെതിരായി സര്‍ക്കാര്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ബ്രാന്‍ഡ് അംബാസിഡറാകും. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കാനും സച്ചിന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സിന്റെ പുതിയ നിക്ഷേപ പങ്കാളികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനും അടുത്ത സീസണില്‍ ടീമിനെ സജ്ജമാക്കാനുമുള്ള മുന്നൊരുക്കങ്ങള്‍ക്കുമായാണ് സഹ ഉടമയും ടീം അംബാസഡറുമായ സച്ചിന്‍ കേരളത്തിലെത്തിയത്. രാവിലെ 11 മണിക്കാണ് സച്ചിന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയത്. കൂടിക്കാഴ്ച്ചക്കു ശേഷം ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ധനമന്ത്രി ഡോ. തോമസ് ഐസക്, വ്യവസായ മന്ത്രി ഇപി ജയരാജന്‍ എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.
ചലച്ചിത്രതാരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരും, സച്ചിന്‍റെ ഭാര്യ അഞ്ജലി എന്നിവര്‍ സച്ചിനോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിന്‍റെ കായികരംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണു സച്ചിന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്. കേരള ബ്ലാസ്റ്റേര്‍സ് ടീമില്‍ നാഗാര്‍ജ്ജുനയും ചിരഞ്ജീവിയും പങ്കാളികള്‍ ആകുമെന്നും വ്യക്തമായി.