ശബരിമലയിലെ വിഐപി ക്യൂ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി. പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്തിന് മുന്നോടിയായുളള ഒരുക്കങ്ങളെ സംബന്ധിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഭക്തരുടെ സൌകരം കണക്കിലെടുത്ത് ശബരിമലയ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരക്ക് നിയന്ത്രിക്കുന്നതിനായി റോപ് വേ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കാനായി യാത്രാഭവനുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിഐപി ക്യു ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം നടന്നു. പ്രത്യേക ക്യൂ ഒഴിവാക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൂടാതെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വത്തിന്റെ അഭിപ്രായം കേള്‍ക്കണമെന്നും പ്രയാര്‍ പറഞ്ഞു.
എന്നാല്‍ പ്രസിഡന്റിന്റെ വാക്കുകളിലുള്ളത് രാഷ്ട്രീയമാണെന്നും തിരുപ്പതി മോഡല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍, കെ ടി ജലീല്‍,എ കെ ശശീന്ദ്രന്‍, കെ കെ ഷൈലജ, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, ജി സുധാകരന്‍, കെ രാജു എന്നിവരും എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.