ഒരു കാര്യം മാത്രമാണ് ഞാന്‍ അനുവദിച്ചത്; സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പിബിയില്‍ പിണറായി വിജയന്‍
വ്യാഴം, 16 നവംബര്‍ 2017 (14:25 IST)
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിവാദത്തില്‍ സിപിഎം- സിപിഐ പോര് രൂക്ഷമാകുന്നു. മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാര്‍ നിന്നും വിട്ടുനിന്ന നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം അവെയ്‌ലബിള്‍ പിബി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് ശക്തമാക്കിയത്.
സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്നും മര്യാദയുടെ ലംഘനമാണെന്നും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാഹചര്യം മനസിലാക്കാതെ സിപിഐ അനാവശ്യ സമ്മർദ്ദമുണ്ടാക്കി സർക്കാരിന് അവമതിപ്പുണ്ടാക്കി. തോമസ് ചാണ്ടിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയപ്പോൾ തന്നെ രാജിക്കാര്യത്തില്‍ തീരുമാനം സ്വീകരിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു.
നാല് ദിവസത്തെ സമയമാണ് രാജിക്കായി എന്‍സിപി ചോദിച്ചത്. ഇത് സാധ്യമല്ലെന്ന് പറഞ്ഞതോടെ സുപ്രീംകോടതിയില്‍ പോകാനുള്ള സമയം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യവും തള്ളിയോടെ ദേശിയ നേതൃത്വവുമായി സംസാരിക്കാന്‍ സമയം വേണമെന്ന് ടിപിപീതാംബരന്‍ ആവശ്യപ്പെട്ടു. ഇത് മാത്രമാണ് താന്‍ ആംഗീകരിച്ചു നല്‍കിയത്.
എന്നാല്‍, ഇതൊന്നും മനസിലാക്കാതെ സിപിഐ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിനോട് അവെയ്ലബിൾ പിബി യോജിച്ചു.
പിബി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ആറ് പേരാണ് പങ്കെടുത്തിരുന്നത്. ഡൽഹിയിൽ ഇല്ലാതിരുന്നതിനാൽ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള, എംഎ ബേബി തുടങ്ങിയവർ എകെജി സെന്‍റിൽ നടന്ന യോഗത്തിനുണ്ടായിരുന്നു.