തിങ്കളാഴ്‌ച രാത്രി വൈകി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ച ഫയല്‍ സംസ്ഥാന പൊലീസില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റി പകരം ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റയെ നിയമിച്ചതാണ് പുതിയ സ്ഥിതിഗതികള്‍ക്ക് കാരണമായത്.
എന്‍ ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഡോ ജേക്കബ് തോമസിനെ നിയമിച്ചതാണ് മറ്റൊരു
നിയമനം. അവധിയിലായ ശങ്കര്‍ റെഡ്ഡിക്ക് പകരംചുമതല നല്‍കിയിട്ടില്ല. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയാക്കിയാണ് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.
ഇതില്‍ ലോക്നാഥ് ബെഹ്റയെ നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ജേക്കബ് തോമസും ബെഹ്‌റയും 1986 ബാച്ചിലെ ഐ പി എസ് ഓഫീസര്‍മാരാണ്. ആലപ്പുഴ എസ്‌പിയായിട്ടാണ് ബഹ്‌റയുടെ തുടക്കം. എന്‍ഐഎ അഡീഷണല്‍ ഡയറക്‍ടറും ആയിരുന്നു അദ്ദേഹം. ഡേവിഡ് കോള്‍ മാന്‍ ഹെഡ്‌ലിയുടെ അറസ്‌റ്റ്, കാലിത്തീറ്റ കുംഭക്കോണക്കേസിലെ ലാലു പ്രസാദിന്റെ അറസ്‌റ്റ് എന്നിങ്ങനെ ദേശീയ തലത്തില്‍ മികച്ച റെക്കോര്‍ഡുള്ള ബഹ്‌റ കേരളത്തില്‍ എത്തിശേഷവും ശ്രദ്ധേയമായ നടപടികള്‍ സ്വീകരിച്ചു.
വിജിലന്‍സ് ഡയറക്‍ടറായി നിയമനം ലഭിക്കേണ്ടിയിരുന്ന ലോക്‍നാഥ് ബെഹ്‌റയെ ഫയര്‍ഫോഴ്‌സില്‍ നിയമിച്ചതില്‍ നേരത്തെ തന്നെ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എഡിജിപി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ ചട്ടം മറികടന്ന് വിജിലന്‍സ് ഡയറക്‍ടറാക്കി നിയമിക്കുകയായിരുന്നു. നിയമനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ബെഹ്‌റ അവധിയില്‍ പ്രവേശിപ്പിക്കുകയും സര്‍ക്കാരിനെതിരെ തിരിയുകയുമായിരുന്നു.
കുറ്റാന്വോഷണരംഗത്തും ക്രമസമാധാന പാലന രംഗത്തും നടത്തിയ മികവുകളാണ് അദ്ദേഹത്തെ സംസ്ഥാന പൊലീസിന്റെ മേധാവിയാക്കാന്‍ എന്‍ഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അതേസമയം, യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി കഥകള്‍ എണ്ണിയെണ്ണി പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരിന് തുടര്‍ അന്വേഷണങ്ങള്‍ സത്യസന്ധമായി പൂര്‍ത്തിയാക്കണമെങ്കില്‍ യു ഡി എഫ് പക്ഷത്തു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റേണ്ടിവരുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിനെ വിവാദമായ പ്രവര്‍ത്തികളില്‍ പരസ്യമായി നിലപാടുകള്‍ സ്വീകരിച്ചുവന്ന ജേക്കബ് തോമസിനെ വിജിലന്‍സ് ഏല്‍പ്പിച്ചത് തന്നെ ഇതിന് മികച്ച ഉദ്ദാഹരണമാണ്. സര്‍ക്കാര്‍ അഴിമതിക്കും അതിന് കൂട്ടു നില്‍ക്കുന്നവര്‍ക്കും എതിരാണെന്ന് ഈ നിയമനത്തിലൂടെ വ്യക്തമാക്കി കൊടുക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനായി.
കര്‍ക്കശതയുടെ പര്യായമായ മുഖ്യമന്ത്രി പിണറായി വിജയന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ബെഹ്‌റയുടെ നിയമനത്തിലൂടെ സഹായിക്കും. ഇതോടെ പൊലീസില്‍ പിടിമുറുക്കുന്നതിനും വിവാദങ്ങളില്‍ അകപ്പെട്ട മുന്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും തിരിമറികള്‍ പുറത്തുകൊണ്ടുവരുന്നതിനും മുഖ്യമന്ത്രിക്കാകും. പുതിയ സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് യു ഡി എഫ് സര്‍ക്കാരിന്റെ കാലയളവില്‍ വിവാദ വാര്‍ത്തകളില്‍ അകപ്പെട്ട ഉന്നതരാണ്.