ഫേസ്ബുക്ക് വഴി പൊതുപണിമുടക്കിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തിലേക്ക്. സെപ്റ്റംബർ രണ്ടിനു നടക്കുന്ന പൊതുപണിമുടക്കിൽ അണിചേരാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പോസ്റ്റ് ഇട്ടത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട മുഖ്യമന്ത്രിതന്നെ പണിമുടക്കിന് ആഹ്വാനം ചെയ്തത് നിയമലംഘനമാണെന്നും മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രി പോസ്റ്റിട്ടത്. സെപ്റ്റംബർ രണ്ടിന്റെ പൊതുപണിമുടക്കിനെ പിന്തുണയ്ക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. പണിമുടക്കു ദിവസം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാനും ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കാനും രംഗത്തിറങ്ങേണ്ട പൊലീസിന്റെ മന്ത്രി തന്നെയാണ് ഇതു ചെയ്തിരിക്കുന്നത്. നിയമപരവും ധാർമ്മികവുമായ പ്രശ്നമാണിതെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്.