മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ജേക്കബ് തോമസിനെ ഞെട്ടിച്ചു; ബാബു മുതല്‍ അനുപ് ജേക്കബ് വരെയുള്ളവര്‍ അങ്കലാപ്പില്‍, ഞെട്ടല്‍ മാറാതെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തര്‍
ബുധന്‍, 1 ജൂണ്‍ 2016 (14:30 IST)
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഡോ ജേക്കബ് തോമസിനെ നിയമിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അഴിമതിക്കെതിരെ വടിയെടുക്കാനെന്ന് വ്യക്തം. വിജിലന്‍സ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുമെന്നും സ്വതന്ത്രമാക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കിയാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. ഭരണം ലഭിച്ചതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണങ്ങള്‍ നേരിട്ട മന്ത്രിമാരുടെയും എല്‍എല്‍എമാരുടെയും നേര്‍ക്ക് നിയമത്തിന്റെ കൈകള്‍ നീട്ടിയിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.
വ്യക്തമായ തീരുമാനത്തോടെയും പദ്ധതിയോടെയുമാണ് മുഖ്യമന്ത്രി വിജിലന്‍സ് തലപ്പത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടുവന്നത്. "ഞാനോ, എന്റെ ഓഫീസോ, എന്റെ പാര്‍ട്ടിയോ ആര്‍ക്കെങ്കിലുമെതിരേ കേസുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടോ ആരോപണവിധേയരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചോ വിളിക്കില്ല. നിങ്ങള്‍ കൃത്യമായി നിങ്ങളുടെ ജോലി ചെയ്യുക. അഴിമതിക്കാരെ സഹായിക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. എന്നാല്‍, സ്വതന്ത്ര ചുമതല നല്‍കിയെന്നു വിചാരിച്ച് ആര്‍ക്കെതിരേയും മനഃപൂര്‍വം കേസെടുക്കാനും പാടില്ല"- മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്‌ടറായി ജേക്കബ് തോമസിനെ നിയമിക്കുന്നതിനു മുമ്പ് പറഞ്ഞ വാക്കുകളായിരുന്നു ഇത്.
സത്യസന്ധനെന്ന് പേരെടുത്ത ജേക്കബ് തോമസിന്റെ നിയമനം വഴി വിജിലന്‍സ് കൂട്ടിലടച്ച തത്തയാകില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു സര്‍ക്കാര്‍. പാറ്റൂര്‍ ഭൂമി കുംഭകോണം, ബാര്‍ കോഴക്കേസ് അവസാനിപ്പിക്കുന്നതിനു വിജിലന്‍സ് എസ്‌പി ആര്‍ സുകേശനെ ആരെങ്കിലും സ്വാധീനിച്ചിരുന്നോ?, കശുവണ്ടി കോര്‍പറേഷനിലെ അഴിമതി, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, റവന്യു വകുപ്പില്‍ നടന്ന അനധികൃത ഭൂമി കൈമാറ്റങ്ങള്‍, മെത്രാന്‍ കായല്‍ ഇടപാട്, സന്തോഷ് മാധവനുമായി ഒത്തുചേര്‍ന്ന് നടത്തിയ ഭൂമി കൈമാറ്റം എന്നിവ തുടക്കത്തില്‍തന്നെ പരിശോധിക്കാനാണ് ജേക്കബ് തോമസ് തീരുമാനിച്ചിട്ടുളളത്.
പിണറായിയുടെ ശക്തമായ പിന്തുണയോടെ ജേക്കബ് തോമസ് രംഗത്തെത്തിയതോടെ മുന്‍ മന്ത്രിമാരെ കൂടാതെ പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെയാണ് വെട്ടിലാകുക. നിരവധി കേസുകളാണ് ഉന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയ അവസ്ഥയില്‍ വിജിലന്‍സില്‍ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം പല കേസുകളിലും വ്യക്തമായ തീരുമാനങ്ങളും നടപടികളുമെടുക്കാന്‍ കഴിയുന്നില്ലെന്ന് വിജിലന്‍സ് എഡി ജിപിയായിരുന്ന വേളയില്‍ ജേക്കബ് തോമസ് പരസ്യമായി പറഞ്ഞിരുന്നു. ബാര്‍ കോഴയില്‍ കെഎം മാണി കുടുങ്ങുമെന്ന അവസ്ഥ ഉണ്ടായപ്പോള്‍ കേസിന്റെ അന്തിമഘത്തില്‍ അദ്ദേഹത്തെ മാറ്റുകയായിരുന്നു. കെ ബാബുവിന്റെയും മാണിയുടെയും ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചതോടെ രമേശ് ചെന്നിത്തല വഴി കേസ് അന്വേഷണത്തില്‍ നിന്ന് അദ്ദേഹത്തെ തെറിപ്പിക്കുകയായിരുന്നു.