അവരുടെ വേദന എനിക്ക് മനസിലാകും, അത് എത്ര വലുതാണെന്നും അറിയാം: പിണറായി വിജയൻ

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (09:41 IST)
പ്രളയത്തിൽ നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്തു വൃത്തിയാക്കി പാവക്കുട്ടികളെ ഉണ്ടാക്കുന്ന അതിജീവന വഴിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ചേക്കുട്ടി’ എന്ന പേരിലറിയപ്പെടുന്ന ഈ പാവകൾ അതിജീവന പ്രതീകമായി മാറുകയാണെന്നും അദ്ദേഹം കുറിച്ചു. 
 
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
'ചേക്കുട്ടി ' ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്.
 
കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണത്തെ മുന്നിൽ കണ്ട് ചേന്നമംഗലത്തെ തറികളിൽ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്തെടുത്തത്. എന്നാൽ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകർത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും. അവരുടെ മാനസിക സംഘർഷം എത്ര വലുതായിരിക്കുമെന്നും അറിയാം
 
ഇവിടെയാണ് യുവതലമുറയിൽ പെട്ട ഒരു സംഘം അതിജീവന മാർഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവക്കുട്ടികൾ ഇപ്പോൾ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.
 
വിവിധ മേഖലകളിൽ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാർട് അപ് മിഷനുകളുമായി ചേർന്ന് ഇത്തരം പദ്ധതികൾ കണ്ടെത്താൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍