കർക്കശക്കാരനും ഗൗരവക്കാരനുമായ തന്നെ കുടുംബത്തിലുള്ളവർക്കെല്ലാം ഭയമാണെന്നാണ് ഉയർന്നുകേട്ട ആരോപണമെന്നും എന്നാൽ അതിൽ സത്യമില്ലെന്നും വെറും ആരോപണം മാത്രമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബത്തിലെ കുട്ടികൾ നല്ല രീതിയിലാണ് തന്നോട് ഇടപഴകുന്നതെന്നും അദ്ദേഹം അറിയിച്ചു. ചിലരെ ചിലതായി വ്യാഖ്യാനിക്കാനും വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഒരു ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെയുള്ള സംവാദത്തിന്റെ അറിയിപ്പിനെതുടർന്ന് ലഭിച്ച നാലായിരത്തോളം ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. എൽ ഡി എഫിന്റെ ഭരണകാലത്ത് ക്രമസമാധാനത്തിന് ഏറ്റവും മുൻനിരയിലായിരുന്നു കേരളമെന്നും ആക്രമങ്ങളെ ഒരിക്കലും കൂട്ടുപിടിച്ചിരുന്നില്ലെന്നും പിണറായി അറിയിച്ചു. ഒപ്പം സി പി എം അധികാരത്തിലെത്തിയാൽ യു ഡി എഫിന്റെ അഴിമതികൾ പുറത്തുകൊണ്ടു വരുമെന്നും അതിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.