ഇടത് സര്‍ക്കാര്‍ അധികാരത്തില്‍; പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബുധന്‍, 25 മെയ് 2016 (16:20 IST)
സെന്‍ട്രല്‍ സ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിനിര്‍ത്തി പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. കേരളത്തിന്റെ 22–മത് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പൊതുഭരണവും ആഭ്യന്തരവും വിജിലന്‍സും ഐടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കും.
മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൌഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുന്‍ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ്, മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ, നടന്മാരായ മമ്മൂട്ടി, ദിലീപ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ഷാജി കൈലാസ്, ബി ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത്, രണ്‍ജിപണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍ ഇന്നസെന്റ് എംപി, മുകേഷ് എംഎല്‍എ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ- സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയത്.
ശക്തമായ മഴയെ വെല്ലുവിളിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. തിരക്കുമൂലം സ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ കഴിയാത്തവര്‍ക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ സ്ക്രീനില്‍ എല്‍ഇഡി സ്ഥാപിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണര്‍ മന്ത്രിമാരെ രാജ്ഭവനിലേക്ക് ചായ സല്‍ക്കാരത്തിന് ക്ഷണിച്ചു.
മന്ത്രിമാരും വകുപ്പുകളും:
പിണറായി വിജയൻ - മുഖ്യമന്ത്രി – ആഭ്യന്തരം, വിജിലൻസ്, ഐടി വകുപ്പുകൾ തോമസ് ഐസക്– ധനകാര്യം ഇ.പി.ജയരാജൻ – വ്യവസായം, കായികം എ.കെ.ബാലൻ – നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണൻ – എക്സൈസ്, തൊഴിൽ സി.രവീന്ദ്രനാഥ് – വിദ്യഭ്യാസം ജി.സുധാകരൻ – പൊതുമരാമത്ത്, റജിസ്ട്രേഷൻ ജെ.മേഴ്സിക്കുട്ടിയമ്മ – ഫിഷറീസ്, പരമ്പരാഗത വ്യവസായം എ.സി. മൊയ്തീൻ – സഹകരണം, ടൂറിസം കെ.ടി. ജലീൽ – തദ്ദേശസ്വയംഭരണം കെ.കെ. ഷൈലജ – ആരോഗ്യം, സാമൂഹികക്ഷേമം കടകംപള്ളി സുരേന്ദ്രൻ – വൈദ്യുതി, ദേവസ്വം മാത്യു ടി. തോമസ് – ജലവിഭവം എ.കെ.ശശീന്ദ്രൻ – ഗതാഗതം രാമചന്ദ്രൻ കടന്നപ്പള്ളി – തുറമുഖം ഇ ചന്ദ്രശേഖരൻ – റവന്യൂ പി.തിലോത്തമൻ – ഭക്ഷ്യസിവിൽ സപ്ലൈസ് വി.എസ്.സുനിൽകുമാർ – കൃഷിവകുപ്പ് കെ.രാജു – വനം വകുപ്പ്.