കേരളത്തില്‍ പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുന്നോടിയായി നല്കിയ പരസ്യത്തെ വിമര്‍ശിച്ച് മുഖ്യഘടകക്ഷിയായ സി പി ഐയുടെ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. പരസ്യത്തെ വിമര്‍ശിച്ച സുധാകര്‍ റെഡ്ഡി വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യം നല്ല ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ജനം വോട്ടു ചെയ്തത് പിണറായി വിജയനല്ല. എല്‍ ഡി എഫിനാണ് ജനം വോട്ട് ചെയ്തത്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നേരത്തെ ഇടതു സര്‍ക്കാരുകള്‍ നല്കിയിട്ടില്ല. എന്നാല്‍, മറ്റു പല സര്‍ക്കാരുകളും ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്കിയിട്ടുണ്ട്.
പുതിയ സര്‍ക്കാരിനെക്കുറിച്ചുള്ള പരസ്യത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ എന്നതിനു പകരം എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നു നല്കിയാല്‍ ഉചിതമായിരുന്നു. ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച ശേഷമാണ് ഇപ്പോള്‍ വലിയതോതില്‍ പരസ്യം നല്കിയിട്ടുള്ളത്. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉത്സാഹമാവാം, അത്യുത്സാഹമരുതെന്നും ഭാവിയില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു.