കേരള പൊലീസ് സേനയില്‍ ആര്‍എസ്എസിനോട് അനുഭാവമുളള ഉദ്യോഗസ്ഥരുണ്ടോ എന്ന ചോദ്യത്തിന് അത്തരം പല ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലൊക്കെ ആര്‍എസ്എസിന് വ്യത്യാസമുണ്ടെന്നത് ശരിയാണ്. ഇവിടെയുള്ളവര്‍ ഉത്തരേന്ത്യക്കാരായാലും ദക്ഷിണേന്ത്യക്കാരായാലും എല്ലാവരും സര്‍ക്കാരിന്റെ കീഴിലുളള ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് അവരെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പൊതുവായിട്ടുളള നിലപാടുകള്‍ക്കൊപ്പം മാത്രമെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് വസ്തുത. പൊലീസ് സേനയില്‍ അത്തരം രാഷ്ട്രീയമുളള ആളുകളുണ്ടോ എന്നുളളത് ഒരു വലിയ ചോദ്യമാണെന്നും അത് സ്വാഭാവികമായും പരിശോധിക്കേണ്ട കാര്യമാണെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസിന്റെതായുള്ള ശ്രമങ്ങള്‍ പലതരത്തിലും നടക്കും. അത് നമ്മള്‍ കാണാതിരിക്കരുത്. അതുകൊണ്ടൊന്നും ഇവിടുത്തെ കാര്യങ്ങള്‍ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടത്തുമെന്ന് വെല്ലുവിളിച്ച ഐജി സുരേഷ് രാജ് പുരോഹിത്, ഇപ്പോള്‍ പലവിധ ആരോപണങ്ങള്‍ ഉയരുന്ന ഡിജിപി ബെഹ്‌റ എന്നിവരെ ലക്ഷ്യംവെച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചത്‍. സംഘപരിവാറുമായി സുരേഷ് രാജ് പുരോഹിതിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ഇടത് പൊലീസ് സംഘടനകള്‍ ആരോപിച്ചിരുന്നു. പിന്നീട് ഇദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് സ്വയം പിന്‍വാങ്ങുകയും ചെയ്യുകയാണുണ്ടായത്.