നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 19 ജൂലൈ 2024 (15:34 IST)
നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്തും.
 
ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സബ് കളക്ടറെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തും. മേജര്‍ ഇറിഗേഷന്‍, കോര്‍പ്പറേഷന്‍, റെയില്‍വേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ കര്‍ശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷന്‍ റദ്ദ്  ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. കെ.എസ്.ആര്‍.ടി.സി  തമ്പാനൂര്‍ ബസ് ഡിപ്പോയിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നുള്ള മലിന ജലവും മറ്റ്  ഖര മാലിന്യങ്ങളും ആമയിഴഞ്ചാന്‍ തോടിലേയ്ക്ക് തള്ളുന്നത് ഒഴിവാക്കുന്നതിന് എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനെജ്മെന്റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍