പരാതി നൽകാനെത്തിയവരെ എല്ലാം ഏകദേശം കണ്ടുകഴിയാനായപ്പോഴാണ് അലീമ ഉമ്മ എത്തിയത്. ഉമ്മയെ കണ്ടതോടെ മുഖ്യമന്ത്രിയുടെ മുഖത്ത് നിറഞ്ഞ ചിരി. കൈകൊടുത്ത് കുശലാന്വേഷണം. ‘പരാതിയൊന്നും തരാനില്ല. ഞാന്‍ മരിച്ചാല്‍ എന്റെ വീട്ടില്‍ വരണം. വേറൊന്നും ഞാനിതുവരെ ചോദിച്ചിട്ടില്ല. ഇനി ചോദിക്കുകയുമില്ല’. എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് ഉമ്മ മടങ്ങി.
പരാതി വിശദമായി വായിച്ചു. പറയാനുള്ളത് കേട്ടു. നടക്കാത്ത കാര്യമാണെങ്കില്‍ വളച്ചുകെട്ടില്ലാതെ മറുപടി. കെട്ടുകാഴ്ചകളില്ല, ആരവങ്ങളില്ല. പക്ഷേ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. നോക്കാം എന്നു പറഞ്ഞാല്‍ ശരിയാകുമെന്ന് അവര്‍ക്കുറപ്പുണ്ട്. ചികിത്സാ സഹായം, വീടുവയ്ക്കാനുള്ള സഹായം തുടങ്ങിയ പരാതികളായിരുന്നു ഏറെയും.