‘രാജ്കുമാര്‍ കുഴപ്പക്കാരന്‍, സര്‍ക്കാരിന്‌ ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരമുണ്ടാക്കി’ - എംഎം മണി

ശനി, 29 ജൂണ്‍ 2019 (13:04 IST)
ഹരിത വായ്പത്തട്ടിപ്പുകേസിലെ പ്രതി പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിയവെ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മന്ത്രി എംഎം മണി. സര്‍ക്കാരിന്‌ ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരമുണ്ടാക്കി. പലരും സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദികള്‍. രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നു. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണം.

കസ്റ്റഡി മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദി. കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി. സംഭവത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ല. ആരേയും രക്ഷപ്പെടുത്താന്‍ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ പൊലീസിനെതിരെ സിപിഐയും രംഗത്തെത്തി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണം. എസ്.പിയുടെ അറിവില്ലാതെ ക്രൂരമര്‍ദ്ദനമുറ ഉണ്ടാകില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. എസ്.പിയെ മാറ്റി നിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാർ ജൂൺ 21 നാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍