ജോര്‍ജിന്റെ ഒരു കാര്യം; പിസിയുടെ സത്യപ്രതിജ്ഞക്കിടെ ഗൌരവക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനും ചിരിച്ചു പോയി

വ്യാഴം, 2 ജൂണ്‍ 2016 (15:26 IST)
മൂന്ന് മുന്നണികളെയും തറപറ്റിച്ച് പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ പിസി ജോര്‍ജ് സത്യപ്രതിജ്ഞയിലും വ്യത്യസ്ഥനായി. ചില അംഗങ്ങൾ ദൈവനാമത്തിലും ചിലർ സഗൗരവത്തിലും പ്രോടെം സ്പീക്കർ എസ് ശർമ മുമ്പാകെ പ്രതിജ്ഞ ചെയ്തപ്പോള്‍ ജോർജ് ദൈവനാമത്തിൽ സഗൗരവ പ്രതിജ്ഞ ചൊല്ലിയത്. പിസിയുടെ  പ്രതിജ്ഞകണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും ചിരിപ്പിക്കുന്നതായിരുന്നു പൂഞ്ഞാറിന്റെ പുത്രന്റെ സത്യപ്രജ്ഞ.

മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി നിയമസഭയിലെത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്. ഇവരുടെ തെറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാണ് പൂഞ്ഞാറിലെ ജനങ്ങള്‍ എനിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയത്. സ്പീക്കർ തെരഞ്ഞെടുപ്പ് ഐക്യകണ്ഠേനയാണ് നടക്കേണ്ടത്. സഭയില്‍ ശരിയായ കാര്യങ്ങള്‍ പറയും. ഒരു മുന്നണിയുമായും ബന്ധമുണ്ടാക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. അതേസമയം, അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കും. പി ശ്രീരാമകൃഷ്ണനെ സ്പീക്കറായി നിയമിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിട്ടുണ്ട്.

പതിന്നാലാം കേരള നിയമസഭയില്‍ ഒ രാജഗോപാലടക്കം 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 സിറ്റിംഗ്  എംഎല്‍എമാരാണ് സഭയിലുള്ളത്. ബിജെപിയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകതയെങ്കില്‍ കഴിഞ്ഞ സഭയില്‍നിന്ന് രാജിവെച്ച രണ്ട് അംഗങ്ങള്‍ വീണ്ടും വിജയിച്ച് എത്തിയിട്ടുണ്ട്. പൂഞ്ഞാറില്‍നിന്ന് പിസി ജോര്‍ജും കുന്നത്തൂരില്‍നിന്ന് കോവൂര്‍ കുഞ്ഞുമോനും. നാളെ പിരിയുന്ന സഭ 24ന് വീണ്ടും സമ്മേളിക്കാനാണ് സാധ്യത. അടുത്ത മാസം എട്ടിന് പുതിയ സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക