ദിലീപിനെ ഒതുക്കാനുള്ള ഗൂഡാലോചനയാണ് നടന്നത്; താരത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം പച്ചക്കള്ളം; ജനപ്രിയന് കട്ടസപ്പോര്‍ട്ടുമായി അയാള്‍ !

ഞായര്‍, 13 ഓഗസ്റ്റ് 2017 (13:07 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ വീണ്ടും പിന്തുണച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദിലീപ് ജയിലിലായതിനു ശേഷം നിരന്തരം താരത്തിനു പിന്തുണ നല്‍കിയ ഏക വ്യക്തിയാണ് പിസി. അതിനിടെ ജോര്‍ജ് നടത്തിയ ചില പ്രസ്താവനകള്‍ അതിരു കടന്നതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിറകെ വനിതാ കമ്മീഷനെയും കഴിഞ്ഞ ദിവസം ജോര്‍ജ് പരിഹസിച്ചിരുന്നു.
 
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പിസി പറയുന്നു. ദിലീപിനെതിരെ പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്നാണ് തെളിഞ്ഞുവരുന്നത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതടക്കമുള്ള സംഭവങ്ങള്‍ക്കു പിന്നില്‍ നടന്നത് വലിയ ഗൂഡാലോചനയാണെന്നും ഇതിനെക്കുറിച്ചെല്ലാം തെളിയിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കേരളാ പൊലീസെന്നും അദ്ദേഹം വ്യക്തമാക്കി.
 
ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്ന എല്ലാ കാര്യങ്ങളും  സത്യമാണെന്നുതന്നെയാണ് താന്‍ വിശ്വസിക്കുന്നത്. നടി ക്രൂരമായ പീഡനത്തിന് ഇരയായെങ്കിലും ഒരു കാര്യം വളരെ സത്യമാണ്. അത്തരമൊരു അവസ്ഥയില്‍ നടിയെ വഴിയില്‍ ഇറക്കിവിടാതെ അവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന വ്യക്തിയുടെ വീടിനു മുന്നില്‍ ഇറക്കി വിടാന്‍ പ്രതി മനസ്സുകാണിച്ചെന്നും പിസി ജോര്‍ജ് പൂത്തൂരില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
സ്ത്രീസംരക്ഷണ നിയമത്തെ തെറ്റായി വ്യാഖാനിച്ച് സ്ത്രീകളെ അടിമകളാക്കിമാറ്റാന്‍ ഉപയോഗിക്കുന്നത് വലിയ അപകടമാണ് വരുത്തുക. ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ഉടനെ പുരുഷനെ പിടിച്ച് അകത്തിടുന്നത് ശരിയല്ല. ഈ അവസ്ഥ മാറിയേ മതിയാവൂ. സ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടോയെന്ന് ആദ്യം പരിശോധിക്കണം. അതിനു ശേഷം മാത്രമേ നടപടിയെടുക്കാന്‍ പാടൂള്ളൂ. അല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക