ഹൈക്കോടതി ‘പൊട്ടിത്തെറിച്ചു’; രാത്രിയില്‍ ഉഗ്രശബ്ദത്തോടെ വെടിക്കെട്ട് നടത്താന്‍ പാടില്ല, കരിമരുന്ന് പ്രകടനം നടത്താം
ചൊവ്വ, 12 ഏപ്രില്‍ 2016 (16:27 IST)
രാജ്യത്തെ നടുക്കിയ പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി സമയത്തെ വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് പാടില്ല. എന്നാല്‍, കരിമരുന്ന് പ്രകടനം നടത്താം. പകൽ സമയത്ത് ശബ്ദം കുറഞ്ഞ വെടിക്കെട്ട് ആകാം. 140 ഡെസിബൽ വരെയുള്ള വെടിക്കെട്ട് മാത്രമേ പകൽ അനുവദിക്കുകയുള്ളൂ. നിയമവിധേയമായി മാത്രമേ വെടിക്കെട്ട് പാടുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ സംസ്ഥാനമാകെ നിയന്ത്രണം വേണം. ലൈസൻസ് നൽകുന്നതിൽ ബാഹ്യഇടപെടൽ അനുവദിക്കരുത്. അനുമതി നൽകിയതിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നു. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം കൊണ്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിട്ട കോടതി എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്‌റ്റീസ് വി ചിദംബരേഷ് നല്‍കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്‌റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.