പരവൂര്‍ ദുരന്തം കമ്യൂണിസ്റ്റ്- ജിഹാദികള്‍ നടത്തിയ ഭീകരാക്രമണമാണെന്ന് ഓണ്‍ലൈന്‍ സ്വയംസേവകര്‍; സംഭവത്തിന്റെ തീവ്രത വ്യക്തമായതോടെ അക്കൌണ്ടുകള്‍ ഡിലീറ്റ് ചെയ്‌തു!

തിങ്കള്‍, 11 ഏപ്രില്‍ 2016 (11:29 IST)
പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ച് നില്‍ക്കവെ വര്‍ഗീയ പ്രചാരണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍. നടന്നത് വെടിക്കെട്ട് അപകടമല്ലെന്നും കമ്യൂണിസ്റ്റ്- ജിഹാദികള്‍ നടത്തിയ ഭീകരാക്രമണമാണെന്നും വ്യക്തമാക്കി ഓംക്രാന്തി ആര്‍എസ്എസ് എന്ന ട്വിറ്റര്‍ അക്കൗണ്ടുവഴി സംഘ്പരിവാര്‍ രംഗത്തെത്തുകയായിരുന്നു.

ആര്‍എസ്എസ് ഫോര്‍ ഇന്ത്യ ട്വിറ്റര്‍ ഹാന്‍ഡിലും ഇത്തരം വ്യാജവിവരങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുകയും മലയാളി സൈബര്‍ ആക്ടിവിസ്റ്റുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തത്തെിയതോടെ ഓംക്രാന്തി ആര്‍എസ്എസ് അക്കൗണ്ട് താല്‍ക്കാലികമായി ഡിലീറ്റ് ചെയ്തു.

സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചയാണെന്നും കേരളാ പൊലീസ് യഥാസമയം ഇടപെട്ടില്ലെന്നും മറ്റുമുള്ള വാദങ്ങളും സംഘ്പരിവാര്‍ അനുയായികള്‍ മറ്റുപല അക്കൗണ്ടുകളും വഴി പല ഭാഷകളിലായി വ്യാജപ്രചാരണം തുടര്‍ന്നു. വ്യാജചിത്രങ്ങളും സന്ദേശങ്ങളും ചേര്‍ത്തുവെച്ചുള്ള നുണപ്രചാരണം വാട്സ്ആപ് വഴി ലോകമെമ്പാടും പരക്കുന്നുണ്ട്.

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 108 ആയെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. വെടിക്കെട്ടിന് പോയ പലരും വീട്ടില്‍ തിരിച്ചെത്താതും അവരെക്കുറിച്ച് വിവരമില്ലാത്തതും ആശങ്ക പകരുന്നുണ്ട്.

കാണാതായവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. ഇവര്‍ക്കായി ആശുപത്രികളിലും ക്ഷേത്രപരിസരങ്ങളിലും തെരച്ചില്‍ തുടരുന്നുണ്ട്. ബന്ധപ്പെട്ടവര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പലരും അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മോര്‍ച്ചറികളില്‍ തിരിച്ചറിയാത്തവിധം പരുക്കുകള്‍ ഏറ്റ മൃതദേഹങ്ങളുണ്ട്. ദുരന്തത്തിൽ പരുക്കേറ്റ മുന്നൂറിലധികം പേരിൽ ഒട്ടേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും ചികിൽസയിലുളളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല.

വെബ്ദുനിയ വായിക്കുക