മനുഷ്യന് തലചായ്‌ക്കാന്‍ ഇടമില്ലാത്ത സംസ്ഥാനത്താണ് വെടിക്കെട്ട് നടത്തുന്നത്, മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീവിവേചനമുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു- കെമാൽ പാഷ

വെള്ളി, 22 ഏപ്രില്‍ 2016 (14:24 IST)
പരവൂര്‍ വെടിക്കെട്ട് ദുരന്തം ക്ഷണിച്ച് വരുത്തിയതാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ വെടിക്കെട്ട് പോലെയുളള അപകടകരമായ ആഘോഷങ്ങള്‍ പാടില്ല. ആഘോഷങ്ങളുടെ ഭാഗമായി ആനകളെയും മനുഷ്യര്‍ മണിക്കൂറുകളോളം ബുദ്ധിമുട്ടിക്കുന്നു. വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും ഒരു വിശ്വാസത്തിന്റെയും ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ജനങ്ങള്‍ തിങ്ങിയാണ് പാര്‍ക്കുന്നത്. തല ചായ്‌ക്കോന്‍ പോലും പലര്‍ക്കും സ്ഥലമില്ല. ഇത്തരം സംസ്ഥാനങ്ങളില്‍ പൂരം പോലെയുള്ള പരിപാടികള്‍ നടത്തി ആനകളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തുകയാണ്. സമാധാനമായി നടക്കേണ്ട ആനയെ ജനങ്ങള്‍ക്കിടയിലും വെയിലത്തുമായി നിര്‍ത്തി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും കെമാല്‍ പാഷ പറഞ്ഞു.

മതങ്ങളുടെ ഭാഗമായാണോ ഈ ആഘോഷങ്ങളെന്ന് നാം പരിശോധിക്കണം. മതഗ്രന്ഥങ്ങളില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പറയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. പൊട്ടാസ്യം ക്ലോറേറ്റ് അടക്കം തീപ്പെട്ടിക്കമ്പനികൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ള രാസവസ്തുക്കൾ എങ്ങനെ വെട്ടിക്കെട്ടുകാരുടെ പക്കലെത്തിയതെന്ന് അറിയേണ്ടതുണ്ടെന്നും കെമാല്‍ പാഷ വ്യക്തമാക്കി.

മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീവിവേചനം ഉണ്ടെന്ന തന്റെ പ്രസ്താവന വിവാദം ആയെങ്കിലും പറഞ്ഞതില്‍ തന്നെ താന്‍ ഉറച്ചുനില്‍ക്കുകയാണ്. കാര്യങ്ങള്‍ പഠിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ വന്നതെന്നും കെമാല്‍ പാഷ പറഞ്ഞു.
കൊച്ചിയിൽ മാർത്തോമ്മാ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ സിൽവർ ജൂബിലിയാഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക