പരവൂർ ദുരന്തം: ചികിത്സയിലിരുന്ന കഴക്കൂട്ടം സുരേന്ദ്രൻ മരിച്ചു, മരണം 111

ചൊവ്വ, 12 ഏപ്രില്‍ 2016 (16:21 IST)
കൊല്ലം പരവൂർ വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരൻ കഴക്കൂട്ടം സുരേന്ദ്രൻ (67) മരിച്ചു. കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ആശാൻമാരിൽ ഒരാളായ കഴക്കൂട്ടം അർജുനന്റെ ശിഷ്യൻമാരിൽ ഒരാളായിരുന്നു സുരേന്ദ്രൻ.
 
വെടിക്കെട്ട് ദുരന്തത്തിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്ര വിഭാഗത്തിൽ ചികിത്സയിലായിരുന്ന സുരേന്ദ്രൻ ഇന്ന് വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്. വെടിക്കെട്ടിൽ സുരേന്ദ്രന് 90 ശതമാനവും പൊള്ളലേറ്റിരുന്നു. ഇതോടുകൂടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി.
 
സുരേന്ദ്രൻ മുപ്പതു വർഷം മുമ്പായിരുന്നു  ചെറിയ തോതിൽ പടക്കവിൽപ്പനകൾ തുടങ്ങിയത്. ചെറിയ വിൽപ്പനകൾ മാത്രം നടത്തി വന്നിരുന്ന സുരേന്ദ്രൻ തന്റെ ഗുരുവിന്റെ ആഗ്രഹ പ്രകാരമായിരുന്നു പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വലിയ വെടിക്കെട്ട് ഏറ്റെടുത്തത്. ഞാൻ മരിക്കുമ്പോ‌ൾ പടക്ക വിൽപ്പനക്കു‌ള്ള ലൈസൻസ് എന്റെ ചിതയ്ക്ക് മുകളിലേക്ക് ഇടണമെന്ന് സുരേന്ദ്രൻ ആറു മാസം മുമ്പ് ഉറ്റ സുഹൃത്തിനോട് പറഞ്ഞിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക