പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (15:16 IST)
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗുരുതര രോഗത്തിന് ഏപ്രിൽ മുതൽ ചികിത്സയിലാണെന്നും 22 മരുന്നുകൾ കഴിയ്ക്കുന്നുണ്ടെന്നും ഇബ്രാംഹിംകുഞ്ഞ് കോടതിയെ ധരിപ്പിച്ചു. എന്നാൽ നിലവിൽ ഇബ്രാഹിംകുഞ്ഞിന് ആശുപത്രിയിൽ തന്നെ ചികിത്സ തുടരാം എന്നും ഡിസ്ചാർജ് ചെയ്യുന്ന സാഹചര്യം വന്നാൽ വീണ്ടും കോടതിയെ സമീപിയ്ക്കാം എന്നുമാണ് ജാമ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്.
 
കരാറുകാർക്ക് മുൻ‌കൂർപണം നൽകുന്നത് പുതുമയുള്ള കാര്യമല്ലെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാർശയോടെയാണ് മുൻകൂർ പണം അനുവദിച്ചത് എന്നും ഇബ്രാഹിംകുഞ്ഞ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നത് മുൻനിർത്തി രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റ് എന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ കരാർ നൽകുന്നതുമായി ബന്ധപ്പെട്ട് 2013ൽ ജൂൺ 17ന് ഇബ്രാഹിംകുഞ്ഞ് ഉൾപ്പടെയുള്ളവർ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ഗൂഢാലോചന നടത്തി എന്നും കരാർ വ്യവസ്ഥ ലംഘിച്ച് മുൻകൂർ പണം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍