സൂരജിന്റെ തുറന്നു പറച്ചില്‍; അന്വേഷണം ഇബ്രാഹിം കുഞ്ഞിലേക്ക്, ചോദ്യം ചെയ്യല്‍ ഉടന്‍ ? - വിജിലന്‍സ് പിടിമുറുക്കുന്നു
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:16 IST)
പാലാരിവട്ടം മേൽപാലം ക്രമക്കേടിൽ മുന്‍ പൊതുമരാമത്തു സെക്രട്ടറി ടിഒ സൂരജിന്റെ വെളിപ്പെടുത്തല്‍ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് വിനയാകുന്നു. ജാമ്യാപേക്ഷയ്‌ക്ക് ഒപ്പം നല്‍കിയ സത്യവാങ്മൂലത്തിലൂടെ സൂരജ് പുറത്തുവിട്ട വിവരങ്ങള്‍ വിജിലൻസ് പ്രത്യേകം അന്വേഷിക്കും.
സൂരജിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായതിനാല്‍ വിജിലൻസിന്റെ അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്. മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പും പ്രത്യേക അന്വേഷണ സംഘം നടത്തുന്നുണ്ട്.
നേരത്തെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ ചൂണ്ടിക്കാട്ടി ഇബ്രാഹിം കുഞ്ഞ് പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ വേഗത്തിലാക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്.
കേസില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നും കൂടുതൽപേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. അറസറ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പ്രതികളുടെ ജാമ്യാപേക്ഷ എതിർക്കുമെന്നും വിജിലൻസ് അറിയിച്ചു.
ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി കരാറുകാരനു മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദേശിച്ചത് അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നു ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജിന്റെ വെളിപ്പെടുത്തല്‍. വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് അദ്ദേഹമായിരുന്നു. ഇതിനായി കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും നിര്‍ദേശം ലഭിച്ചു. എന്നും ജാമ്യാപേക്ഷയ്‌ക്ക് ഒപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞു.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം തന്‍റേതായിരുന്നില്ല. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും സൂരജ് വ്യക്തമാക്കുന്നു.