പാലായിൽ വോട്ടെണ്ണൽ ആരംഭിച്ചു; മാണിയുടെ പിൻ‌ഗാമിയെ ഇന്നറിയാം, പ്രതീക്ഷയോടെ മുന്നണികൾ

എസ് ഹർഷ

വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (08:32 IST)
പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്‌. ഒമ്പതു മണിയോടെ ഫലസൂചന കിട്ടും. കെ എം മാണിയുടെ ‌പിൻ‌ഗാമി ആരാണെന്ന് ഇന്നറിയാം. 
 
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുന്നത്‌. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. ഇതു പൂര്‍ത്തിയായശേഷമായിരിക്കും വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക.
 
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനാണു സർവേകളിൽ മുൻതൂക്കം. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ച മാണി സി കാപ്പനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി. 
 
പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു. 
തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു. രണ്ടില ചിഹ്നം ലഭിക്കാത്തതൊന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍