ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

രേണുക വേണു

ശനി, 9 നവം‌ബര്‍ 2024 (09:43 IST)
Rahul Mamkootathil, P Sarin and C Krishnakumar

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും പി.സരിന്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു നല്ല മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രചാരണം നടത്തിയാല്‍ ബിജെപി, കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ കടന്നുകയറാന്‍ സാധിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗൃഹസന്ദര്‍ശനം പോലെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 
കഴിഞ്ഞ തവണ ഷാഫി പറമ്പിലിനു ലഭിച്ച വോട്ട് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിനു കിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ ഇ.ശ്രീധരനു കിട്ടിയ വോട്ട് ഇത്തവണ പിടിക്കാന്‍ ബിജെപിക്കും അസാധ്യമാണ്. അതുകൊണ്ട് ഇടതുപക്ഷത്തിനു വിജയസാധ്യത കൂടുതലാണെന്ന് സിപിഎം സംസ്ഥാന നേതൃത്വവും പ്രതീക്ഷിക്കുന്നു. ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത്. 
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഷാഫി പറമ്പില്‍ 54,079 വോട്ടുകളാണ് പിടിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍ 50,220 വോട്ടുകള്‍ പിടിച്ച് രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി (സിപിഎം) സി.പി.പ്രമോദിനു 36,433 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരം വോട്ടുകള്‍ കൂടുതല്‍ പിടിച്ചാല്‍ പാലക്കാട് ജയം ഉറപ്പെന്നാണ് സിപിഎം വിലയിരുത്തല്‍. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വോട്ട് ബാങ്കില്‍ നിന്ന് തുല്യമായി ഇത്രയും വോട്ടുകള്‍ പിടിച്ചെടുത്താല്‍ ജയം സുനിശ്ചിതമാണെന്നും സിപിഎം കരുതുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍