പി ജയരാജന് ജാമ്യം ലഭിച്ചു: രണ്ടുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജയരാജന്‍ ഒരുങ്ങുന്നു

ബുധന്‍, 23 മാര്‍ച്ച് 2016 (11:37 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ജയരാജന് ജാമ്യം അനുവദിച്ചതിനെതിരെ സി ബി ഐ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോയേക്കും.
 
മൂന്നു വ്യവസ്ഥകളോടു കൂടിയാണ് ജയരാജന് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത രണ്ടുമാസത്തേക്ക് ജയരാജന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ഭാഗങ്ങളിലും പ്രവേശിക്കാന്‍ പാടില്ല, അന്വേഷണസംഘത്തലവന്‍ ഏതുസമയത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാലും ഹാജരാകണം, സാക്ഷികളെ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നീ മൂന്നു വ്യവസ്ഥകളോടെയാണ് ജയരാജന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 
 
അതേസമയം, ജയരാജന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹം ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നാണ് രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയുടെ പുറത്ത് താമസിക്കണമെന്ന ജാമ്യവ്യവസ്ഥ ജയരാജന്റെ തെരഞ്ഞെടുപ്പു നീക്കങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നിലവില്‍ കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ കാലുവേദനയ്ക്ക് ചികിത്സയില്‍ കഴിയുകയാണ് പി ജയരാജന്‍. 

വെബ്ദുനിയ വായിക്കുക