അധികാരം പോയിട്ടും കുഞ്ഞൂഞ്ഞ് കളി തുടരുന്നു; പ്രതിപക്ഷസ്ഥാനത്തിനായി അടിക്കളികള്‍ നടത്തിയ ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി പൂട്ടി, മുരളീധരന് വേണ്ടി സുധീരന്റെ അറ്റാക്ക് ഹൈക്കമാന്‍ഡിലേക്ക്!
ഞായര്‍, 22 മെയ് 2016 (18:04 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ ഉന്നത പദവികള്‍ ലക്ഷ്യമാക്കി ചരടുവലിക്കുന്ന രമേശ് ചെന്നിത്തലയ്‌ക്ക് ഭരണം കൈവിട്ട ശേഷവും നിരാശയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ സ്ഥാനത്തിനായി ചെന്നിത്തല അടിക്കളികള്‍ നടത്തുന്നുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുതന്ത്രത്തില്‍ അത്തരം നീക്കങ്ങള്‍ തവിടുപൊടിയായി എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കരുത്തായി കൂടെയുണ്ടായിരുന്നവര്‍ പരാജയപ്പെട്ടത് ഐ ഗ്രൂപ്പിന് സന്തോഷം പകരുന്ന കാര്യമാണ്. പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളായ വിഎസ് ശിവകുമാറും കെ മുരളീധരനും വിഡി സതീശനും ജയിച്ചുകയറിയപ്പോള്‍ എ ഗ്രൂപ്പിലെ പ്രമുഖരായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, സ്പീക്കര്‍ എന്‍ ശക്തന്‍ തുടങ്ങിയവര്‍ പരാജയപ്പെട്ടു.
വിശ്വസ്തനായ ടി സിദ്ദിഖ് കുന്നമംഗലത്ത് പരാജയപ്പെട്ടത് ഉമ്മന്‍ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. അതേസമയം, മൂവാറ്റുപുഴയില്‍ പ്രമുഖ നേതാവായ ജോസഫ് വാഴയ്ക്കന്റെ തോല്‍വി ഐ ഗ്രൂപ്പിനും ക്ഷീണമായി. ഇതോടെ തീരുമനങ്ങള്‍ ഹൈക്കമാന്‍ഡിലേക്ക് നീളുമെന്ന് ഉറപ്പാണ്. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ഉമ്മന്‍ ചാണ്ടിക്ക് സാഹചര്യം തിരിച്ചടിയാകും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ എതിര്‍പ്പിനെ മറികടന്ന് വിവാദങ്ങളില്‍ അകപ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കിയ അദ്ദേഹത്തിന് ഇനിയുള്ള കാര്യങ്ങള്‍ എളുപ്പമാകില്ല. ഈ സാഹചര്യം മനസിലാക്കിയാണ് കേരളാ കോണ്‍ഗ്രസിനെയും (എം) മുസ്‌ലിം ലീഗിനെയും കൂട്ടുപിടിച്ച് ഉമ്മന്‍ ചാണ്ടി കളികള്‍ ആരംഭിച്ചിരിക്കുന്നത്.
ഐ ഗ്രൂപ്പില്‍ കലഹമുണ്ടാക്കി കാര്യം സാധിക്കാനാണ് ഉമ്മന്‍ചാണ്ടി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ചെന്നിത്തലയുടെ ഇതുവരെയുള്ള നീക്കങ്ങള്‍ തടയാന്‍ എ ഗ്രൂപ്പിനായി. കാര്യങ്ങള്‍ ഹൈക്കമാന്‍ഡിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ കൊണ്ട് ഹൈക്കമാന്‍ഡില്‍ ഇടപെടലുകള്‍ നടത്താനാണ് ഉമ്മന്‍ ചാണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്. അതേസമയം, കെ മുരളീധരനെ പ്രതിപക്ഷ നേതാവാക്കാന്‍ സുധീരനും ഇടപെടലുകള്‍ നടത്തുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വട്ടിയൂര്‍ക്കാവില്‍ മുരളി പരാജയപ്പെടുത്തിയത് സ്വന്തം മിടുക്കിലാണെന്നാണ് സുധീരന്‍ വിശ്വസിക്കുന്നത്. ജനകീയനായ മുരളിയെ ലീഗും കേരളാ കോണ്‍ഗ്രസും (എം) അംഗീകരിക്കുന്നതും ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും തിരിച്ചടി തന്നെയാണ്.
ബാര്‍ കോഴയും സോളാര്‍ കെസിലെ പൊലീസ് ഇടപെടലും ചെന്നിത്തലയുടെ ഇടപെടലില്‍ നിന്ന് ഉണ്ടായതാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം അദ്ദേഹമാണെന്നും ലീഗും കേരളാ കോണ്‍ഗ്രസും (എം) വിശ്വസിക്കുന്നുണ്ട്. അതിനാല്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് ചെന്നിത്തല വേണ്ട എന്നാണ് ലീഗും കെ എം മാണിയും പറയുന്നത്. അങ്ങനെ അവരെകൊണ്ട് പറയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുകയും ചെയ്‌തു. എന്നാല്‍, ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയും തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയവും ഉയര്‍ത്തിക്കാട്ടിയാണ് ചെന്നിത്തല നീക്കങ്ങള്‍ നടത്തുന്നത്.
22 നിയമസഭാ കക്ഷിയില്‍ ഒമ്പത് പേരുടെ ഉറച്ച പിന്തുണയാണ് ചെന്നിത്തല പ്രതീക്ഷിക്കുന്നത്. സണ്ണി ജോസഫ്, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, എസ് ശിവകുമാര്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവരാണ് ഉറച്ച ഐ ഗ്രൂപ്പുകാര്‍. എം വിന്‍സന്റ് , തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, വിപി സജീന്ദ്രന്‍, കെസി ജോസഫ് എന്നിവരാണ് ഉമ്മന്‍ ചാണ്ടിയുടെ ചേരിയിലുള്ളത്. ചെന്നിത്തലയുമായി ഇടഞ്ഞു നില്‍ക്കുന്ന അടൂര്‍ പ്രകാശും മുരളിയും എ ഗ്രൂപ്പുമായി അടുക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് ഉമ്മന്‍ ചാണ്ടി വിശ്വസിക്കുന്നത്. മറ്റുള്ളവര്‍ നിഷ്‌പക്ഷരായി നില്‍ക്കുന്നതുകൊണ്ട് കെ എം മാണിയേയും ലീഗിനെയും ഒപ്പം കൂട്ടിയാല്‍ പ്രതിപക്ഷ സ്ഥാനം കൈക്കലാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്. ഇതോടെ നിലവിലെ ഒരുക്കങ്ങള്‍ തകിടം മറിഞ്ഞ അവസ്ഥയിലാണ് ചെന്നിത്തലയുള്ളത്.