ജീവൻ പണയം വെച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്ന പൊലീസിനെ വേട്ടയാടരുത്, മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പാളിച്ച ഉണ്ടോയെന്ന് സർക്കാരിന് പരിശോധിക്കാം; രോക്ഷാകുലനായി ഉമ്മൻ ചാണ്ടി

ചൊവ്വ, 29 നവം‌ബര്‍ 2016 (11:39 IST)
കരുളായി വനത്തിൽ മാവോവാദികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. സ്വന്തം ജീവൻ പണയം വെച്ച് ജനങ്ങളുടെ സുരക്ഷ്യ്ക്കായി പ്രവർത്തിക്കുന്ന പൊലീസുകാരെ വിമർശിക്കുന്നതും അനാവശ്യമായി വേട്ടയാടുകയും ചെയ്യുന്ന നടപടിയോട് തനിക്ക് യോജിക്കാനാകില്ലെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
 
നിയമവിരുദ്ധമായ എന്തെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെ സർക്കാരിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. പാളിച്ചകൾ ഉണ്ടോയെന്ന് സർക്കാരിന് പരിശോധിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരത്തിൽ തന്റെ ഭാഗത്ത് നിന്നും ഒരു പ്രസ്താവന ഉണ്ടാകുകയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
 
അതേസമയം, സംഭവത്തിൽ പൊലീസ് തെറ്റുചെയ്തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന്  ഡി ജി പി ലേക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കൊലയ്ക്ക് പിന്നില്‍ വ്യാജ ഏറ്റുമുട്ടലാണെന്ന വിവിധ കോണുകളില്‍നിന്നുയരുന്ന ആരോപണം ഡി ജി പി തള്ളി. പോലിസ്- മാവോവാദി ഏറ്റുമുട്ടലിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ബെഹ്റ വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക