വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകാനില്ലെന്ന് എന്‍‌എസ്‌എസ്

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (15:30 IST)
എസ്‌‌എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഹിന്ദു വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കത്തിനിടെ പദ്ധതിയോട് മുഖം തിരിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി. സംവരണ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകാന്‍ ഒരുക്കമല്ലെന്നും തങ്ങള്‍ക്ക് സെകുലര്‍ നിലപാടാണുള്ളതെന്നും എന്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

എന്‍എസ്എസ് വിശാല ഹിന്ദു ഐക്യത്തിനായി മുന്നില്‍ നില്‍ക്കില്ല. ഹൈന്ദവ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോകുമ്പോള്‍ കാലാകാലങ്ങളില്‍ എന്‍എസ്എസ് ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ട്- സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.  എസ്‌എന്‍‌ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനേയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് മതേതര സ്വഭാവത്തിന് എതിരാണ്. പഴയകാല അനുഭവങ്ങളില്‍ നിന്നാണ് താനിതുപറയുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തെ എന്‍എസ്എസ് അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടി രൂപീകരിക്കുന്നതിലൂടെയോ ഏതെങ്കിലും പാര്‍ട്ടിയില്‍ പങ്കാളിയാകുന്നതിലൂടെയോ എല്ലാം പിടിച്ചടക്കാമെന്ന് എന്‍എസ്എസ് കരുതുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എല്ലാ പാര്‍ട്ടിയിലുമുള്ളവരും രാഷ്ട്രീയമില്ലാത്തവരും എന്‍എസ്എസിലുണ്ട്. അവരുടെ ഇടയിലെ സാമുദായിക ഐക്യമാണ് എന്‍എസ്എസിനും രാജ്യത്തിനും ആവശ്യമെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. അതേസമയം, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആരുമായും സഹകരിക്കുമെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനോട് തത്വത്തില്‍ യോജിപ്പാണ്. അവരുമായി ആദ്യവട്ട ചര്‍ച്ച കഴിഞ്ഞുവെന്നും ഭട്ടതിരിപ്പാട് അറിയിച്ചു.

വെബ്ദുനിയ വായിക്കുക