മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണ്ട

വെള്ളി, 29 ഓഗസ്റ്റ് 2014 (14:07 IST)
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്റെ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി. പരാതി നല്‍കുന്ന സമയത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റ് പ്രതികള്‍ക്കും നിയമപരിരക്ഷ കിട്ടില്ല. ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. 
 
മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് എന്റര്‍പ്രൈസ് ബോര്‍ഡിനെയും ടൈറ്റാനിയം ഡയറക്ട‌ര്‍ ബോര്‍ഡിന്റെയും നടപടികള്‍ ദുരൂഹമാണെന്ന്  നിരീക്ഷിച്ച കോടതി സത്യം പുറത്തു വരാനായി കെ കെ രാമചന്ദ്രന്റെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ടു. കേസിലെ പ്രതികളായ ഡികെ ബാസുവിനേയും രാജീവിനേയും ചോദ്യം ചെയ്യാത്തതിനെ കോടതി വിമര്‍ശിച്ചു. 
 
ടൈറ്റാനിയം അഴിമതികേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,​ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,​ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരുന്നത്. 
 
നിയമവിദഗ്ദ്ധരുമായി ആലോചിച്ച് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷത്തിന്രെ ആവശ്യം മാത്രമാണെന്നും കേസില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക