ചരിത്രം ആവര്‍ത്തിക്കുമോ ?; സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ വിഎസിന്റെ പേരില്ല, പിണറായി ധര്‍മടത്ത് മത്സരിക്കും

ശനി, 12 മാര്‍ച്ച് 2016 (15:06 IST)
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട പാലക്കാട്ടെ സിപിഎം സ്ഥാനാർഥികളുടെ പട്ടികയിൽ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പേരില്ല. മലമ്പുഴയിൽ ജില്ലാഘടകം സിഐടിയു നേതാവ് എ പ്രഭാകരന്റെ പേരുനിർദേശിച്ചു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ധർമടത്തു നിന്നു മൽസരിക്കും.  

സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിൽ അവതരിപ്പിച്ച പട്ടികയിലാണ് വിഎസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. ചിറ്റൂർ മണ്ഡലം മാത്രമാണ് ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയിൽ ഒഴിച്ചിട്ടിരിക്കുന്നത്. മലമ്പുഴ വിഎസിനു വേണ്ടി ഒഴിച്ചിട്ടെന്നായിരുന്നു പ്രചാരണം.

സിപിഎം സെക്രട്ടേറിയറ്റിൽ നിന്ന് ആറു പേർ തെരഞ്ഞെടുപ്പിൽ മൽസരിക്കും. പിണറായി വിജയൻ (ധർമടം), തോമസ് ഐസക്ക് (ആലപ്പുഴ), ഇപി ജയരാജൻ (മട്ടന്നൂർ), എ.കെ. ബാലൻ (തരൂർ), ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), എം.എം. മണി (ഉടുമ്പൻചോല) എന്നിവരാണ് മൽസരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ പട്ടിക അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എളമരം കരീമിന്റെ പേര് ഇതുവരെ സ്ഥാനാർഥി പട്ടികയിൽ ഇല്ല. നിലവിൽ കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് എളമരം കരീം.

2011ലും സ്ഥാനാർഥി പട്ടിക തയ്യാറാക്കിയപ്പോൾ വിഎസിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അന്നും പ്രഭാകരന്റെ പേരാണ് പകരം ചേർത്തിരുന്നത്. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിഎസിന് സീറ്റ് നൽകിയത്.

വെബ്ദുനിയ വായിക്കുക