ഇന്നു കൊട്ടിക്കലാശം; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് യുഡിഎഫ്, ഭരണം തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി, സ്വാധീനമുറപ്പിക്കാന്‍ എന്‍ഡിഎ

ശനി, 14 മെയ് 2016 (08:29 IST)
രണ്ടര മാസത്തോളം നീണ്ട നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശത്തോടെ സമാപനം. ഇന്നു വൈകുന്നേരം ആറിന് പരസ്യപ്രചാരണം അവസാനിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണവും പിന്നിട്ട് കേരളം തിങ്കളാഴ്ച വിധിയെഴുതും. തിങ്കളാഴ്ച 16 രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.

മുഴുവൻ പ്രചാരണ പരിപാടികളും ഇന്ന് വൈകിട്ട് ആറിന് അവസാനിപ്പിക്കും. വോട്ടെടുപ്പിന് എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമീഷന്‍ പൂര്‍ത്തിയാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച നടക്കും. വോട്ടെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ച കമ്മീഷന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.
റോഡ് ഷോയും പ്രകടനങ്ങളും സമാധാനപരമാണെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഇകെ മാജി അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് യുഡിഎഫ് കളത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയും ഭരണം തിരിച്ചുപിടിക്കാന്‍ സര്‍വ അടവുകളും പയറ്റുകയാണ് ഇടതുമുന്നണി. മൂന്നാം ശക്തിയായി സ്വാധീനമുറപ്പിക്കാന്‍ എന്‍ഡിഎയും ശക്തമായി രംഗത്തുവന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു മത്സരം കടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്താണ് അവസാനദിനം പ്രചാരണത്തിനിറങ്ങുക.

വെബ്ദുനിയ വായിക്കുക