സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്; വോട്ട് ശതമാനം 77.35- വ്യാഴാഴ്‌ച ഉച്ചയോടെ ഫലം പുറത്തുവരും
ചൊവ്വ, 17 മെയ് 2016 (08:47 IST)
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു ഭേദപ്പെട്ട പോളിംഗ്. കനത്ത പോളിംഗ് എന്ന പ്രതീതി ജനിപ്പിച്ചെങ്കിലും ഒടുവിലെ കണക്കെടുപ്പിൽ പോളിംഗ് 77.35 ശതമാനത്തിൽ എത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് 2.24 ശതമാനം കൂടുതലാണ്. വ്യാഴാഴ്‌ച ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.
വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു, ഇതിന്റെ കണക്കുകള്‍ കൂടി കൂട്ടിയപ്പോഴാണ് അവസാന കണക്കുകള്‍ പ്രകാരം പോളിംഗ് 77.35 ശതമാനം ആയത്. 2011ല്‍ 75.11 ശതമാനമായിരുന്നു പോളിംഗ്.
ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം കണ്ണൂർ ജില്ലയിലാണ്: 78.49. കുറവ് പത്തനംതിട്ടയിലും, 61.95%. സമാധാനപരമായ അന്തരീക്ഷത്തിൽ സംസ്ഥാനത്തെ നിയസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാക്കിയതിന് സംസ്ഥാനത്തെ പൊലീസ് വകുപ്പിനും വോട്ടർമാർക്കും ആഭ്യന്തര മന്ത്രി അഭിനന്ദനം അറിയിച്ചു. കണ്ണൂരിൽ സമാധാന അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടന്നത് ഇത് ആദ്യമായിട്ടാണ്.