കേരളം വിധിയെഴുതുന്നു; ത്രികോണമൽസരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ശക്തമായ പോളിംഗ്, പലയിടത്തും കനത്ത മഴ

Webdunia
തിങ്കള്‍, 16 മെയ് 2016 (08:14 IST)
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ കേരളത്തിലാകെ 43.88% പോളിംഗ് നടന്നു. ത്രികോണമൽസരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മികച്ച പോളിംഗാണ്.

വൈകിട്ട് ആറിന് പോളിങ് ബൂത്തിലെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽ‌കി വോട്ടിന് അവസരമൊരുക്കും. അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ തുടരുകയാണ് ഇത് പോളിംഗിനെ ബാധിച്ചേക്കും. തിരുവനന്തപുരത്തും മധ്യകേരളത്തില്‍ മഴ പെയ്യുന്നത് പോളിംഗിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്.  വയനാടും മലപ്പുറവും കണ്ണൂരും ആണ് പോളിംഗില്‍ മുന്നില്‍.

സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. ഇതില്‍ 109 വനിതാ സ്ഥാനാര്‍ഥികളുമുണ്ട്. 19നാണു വോട്ടെണ്ണല്‍. 2.60 കോടി വോട്ടര്‍മാരാണ് ബൂത്തിലെത്തുന്നത്.

കേരള ഭരണം ആര്‍ക്കെന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ ഇന്നു പോളിംഗ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു മൂന്നു മുന്നണികളും. മികച്ച ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്താനാകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ഭൂരിപക്ഷം നേടി ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. അക്കൌണ്ട് തുറക്കാനാകുമെന്നാണു ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രതീക്ഷ.
Next Article