ക്ലൈമാക്‍സ് അറിയാതെ നേതാക്കള്‍; അമ്മയിലെ പ്രമുഖരെ ഉപയോഗിച്ച് ജഗദീഷിനെ ഒതുക്കാന്‍ ഗണേഷിന്റെ ശ്രമം, ഇടപെടില്ലെന്ന് സംഘടന
ശനി, 5 മാര്‍ച്ച് 2016 (23:58 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നടന്‍ ജഗദീഷിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തിരിച്ചടിയുണ്ടാക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് (ബി). ജഗദീഷിനെതിരെ പ്രാദേശിക വികാരമുണ്ടെങ്കിലും കോണ്‍ഗ്രസ് ആഞ്ഞുപിടിച്ചാല്‍ ജയിച്ചുകയറുമെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയെ ഉപയോഗിച്ച് ജഗദീഷിനെ മത്സരരംഗത്തുനിന്നും മാറ്റാനാണ് ഗണേഷിന്റെ നീക്കം. ആദ്യഘട്ട നീക്കങ്ങള്‍ പാളിയെങ്കിലും ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് ഗണേഷിന്റെ പദ്ധതി.
അമ്മയിലെ രണ്ടു താരങ്ങള്‍ നേര്‍ക്കുനേര്‍ ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സംഘടനയില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ഗണേഷ് വ്യക്തമാക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് അമ്മയുടെ ഭാഗമല്ലെന്നും ജഗദീഷിനോട് മാറാന്‍ ആവശ്യപ്പെടില്ലെന്നുമായിരുന്നു സംഘടനാ നേൃത്വത്തിന്റെ മറുപടിയെന്നാണ് അറിയുന്നത്. അത്രയ്‌ക്ക് നിര്‍ബന്ധമാണെങ്കില്‍ പത്തനാപുരത്തുനിന്നും വിജയിച്ച ഗണേഷ്‌കുമാര്‍ മണ്ഡലം മാറാനും അവര്‍ ഉപദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
വര്‍ഷങ്ങളായി ജഗദീഷ് യുഡിഎഫിനോടും കോണ്‍ഗ്രസിനോടും കാണിക്കുന്ന അടുപ്പവും പരസ്യമാണ്. കൂടാതെ എന്‍ എസ് എസുമായുള്ള അടുപ്പവും ഗണേഷിനെ ഭയപ്പെടുത്തുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തിരിച്ചടി നേരിട്ടതും കേരളാ കോണ്‍ഗ്രസിനെ ധര്‍മസങ്കടത്തിലാക്കുന്നുണ്ട്. ഈ കാരണങ്ങളാണ് ജഗദീഷ് വിഷയം അമ്മയില്‍ അവതരിപ്പിക്കാനും അനുകൂല സാഹചര്യം ഒരുക്കാനുമുള്ള വേദിയാക്കി ഗണേഷ് കണ്ടത്. എന്നാല്‍ സംഘടന കൈമലര്‍ത്തുന്ന അവസ്ഥ ഉണ്ടായതോടെ മറ്റുവഴികള്‍ തേടുകയാണ് ഗണേഷ്.