നിപ ബാധിച്ച് പാണ്ടിക്കാട് ചെമ്പ്രാശേരിയിലെ 14കാരന്‍ മരിച്ചതോടെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണുള്ളത്.ഈ പഞ്ചായത്തുകളില്‍ പോലീസും ആരോഗ്യവകുപ്പും പ്രത്യേകം നിയോഗിച്ച സ്‌ക്വാഡുകള്‍ പരിശോധന തുടരുകയാണ്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകളോട് നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണമുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ വാഹന അനൗണ്‍സ്‌മെന്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നു.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ട്. വിവാഹസല്‍ക്കാര ചടങ്ങുകളിലും നിരീക്ഷണമുണ്ട്. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. പതിനാലുകാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രോഗതീവ്രതയെ പറ്റി പലരും വേണ്ടതേ ബോധവാന്മാരല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ പറഞ്ഞത് പ്രകാരം പതിനാലുകാരന്‍ പോയ സ്ഥാലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഇവര്‍ അമ്പഴങ്ങ കഴിച്ച ഇടവും പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ട്. എങ്കിലും അമ്പഴങ്ങയിലൂടെയാണോ രോഗബാധയുണ്ടായത് എന്നത് ഉറപ്പിക്കാനായിട്ടില്ല.