നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് ആരോപണം; നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ശനി, 26 നവം‌ബര്‍ 2016 (08:08 IST)
നിലമ്പൂരിലെ കരുളായി വനമേഖലയില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മരണത്തില്‍ ദുരൂഹത. കൊല്ലപ്പെട്ട രണ്ടുപേരുടേയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പുറത്തു വന്ന ചിത്രങ്ങളിലെ അവ്യക്തതയും സംഭവത്തിന് ശേഷമുള്ള പൊലീസ് നീക്കവുമാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിനിടവരുത്തുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.
 
കേരളത്തിലെ പല ജില്ലകളിലും മാവോയിസ്റ്റ് സാന്നിദ്ധ്യം പലവട്ടം സ്ഥിരീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ പൊലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ആദ്യ സംഭവമാണ്. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ ഒന്നര മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനിടയില്‍ മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജും, മുതിര്‍ന്ന നേതാവ് അജിതയും കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണ് ഈ രണ്ടുപേരും കൊല്ലപ്പെട്ടതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്.
 
ഒരു സ്ഥലത്ത് ഒന്നിലധികം ദിവസം മാവോയിസ്റ്റുകള്‍ താമസിക്കാറില്ല. കൂടാതെ സൈനിക അച്ചടക്കത്തോടെ മാത്രമേ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ സംഘടിപ്പിക്കാറുള്ളൂ. ഉച്ചയ്ക്ക് 12.30ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പൊലീസ് അറിയിച്ചത്. അന്നാല്‍ രാവിലെ 9ന് മുമ്പ് മറ്റു സ്ഥലത്തേക്ക് സഞ്ചരിച്ചിരുന്ന ഇവരെ ടെന്റിനു മുന്നില്‍ വച്ച് മരിച്ചനിലയിലാണ് കണെത്തിയത്. ഇതില്‍ പൊരുത്തക്കേടുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത്. 

വെബ്ദുനിയ വായിക്കുക