മന്ത്രിസ്ഥാനം പോയ എൻസിപി നേതാവ് തോമസ് ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന അംഗമാണ് ബി.വി. ശ്രീകുമാർ. അതിനാൽ തോമസ് ചാണ്ടിയുടെ പേരായിരുന്നു ആദ്യം ഉയർന്ന് വന്നിരുന്നത്. പക്ഷേ ചാണ്ടിയെ രക്ഷിക്കാൻ ശശീന്ദ്രൻ തന്നെ നേരിട്ടിറങ്ങിയതും ശ്രദ്ധേയാണ്. തനിക്കെതിരായ ഹർജിയിൽ തോമസ് ചാണ്ടിക്കു പങ്കുള്ളതായി കരുതുന്നില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.
മുൻമന്ത്രി കെബി ഗണേഷ്കുമാർ ആണ് ഇപ്പോൾ ഉയർന്നു വരുന്ന പേര്. ഗണേഷ് കുമാറിന്റെ വിശ്വസ്തനാണു ശ്രീകുമാറെന്ന ആരോപണവും ഇതിനിടെ ഉയർന്നു. എൻസിപിയുടെ രണ്ട് എംഎൽഎമാരും കേസിൽപെട്ടതോടെ ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം എൻസിപി നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇടമലയാർ കേസിൽ ഉൾപ്പെടെ മുൻമന്ത്രി ആർ. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനാണു മഹാലക്ഷ്മിക്കു വേണ്ടി ഹാജരായത് എന്ന കാര്യവും അണികൾ ചൂണ്ടിക്കാണിക്കുന്നു.
എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം പ്രദീപ് പാറപ്പുറം ഗണേഷിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അതേസമയം, ചാണ്ടിയെ രക്ഷിച്ച ശശീന്ദ്രൻ ഗണേഷിനെ എന്തുകൊണ്ടാണ് രക്ഷിക്കാത്തതെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.